22 May Tuesday

ജനവിരുദ്ധ നയങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കന്‍ ബിജെപി വര്‍ഗീയത ഇളക്കി വിടുന്നു: ആര്‍ ബാലകൃഷ്ണപിള്ള

വെബ് ഡെസ്‌ക്‌Updated: Wednesday Jan 11, 2017
മനാമ > നരേന്ദ്രമോഡി സര്‍ക്കാര്‍ നോട്ടു പിന്‍വലിച്ചതു കേരളത്തിലെ ജനജീവിതം ദുസ്സഹമാക്കിയതായി കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപിള്ള. ഇത്തരം ജനവിരുദ്ധ നീക്കങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനാണു ബിജെപിയും സംഘപരിവാര ശക്തികളും വര്‍ഗീയത ഇളക്കി വിടുന്നതെന്ന് മുന്‍ മന്ത്രിയും  കേരളാ കോണ്‍ഗ്രസ് നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞു. 
 
ബഹ്റൈന്‍ കേരള സോഷ്യല്‍  ആന്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എസ്എസ്) മന്നം അവാര്‍ഡ് സ്വീകരിക്കാനായി ബഹ്റൈലെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.
 
സംവിധായകന്‍ കമലിനെ കമാലൂദ്ധീന്‍ എന്നവതരിപ്പിച്ചു വര്‍ഗീയ ചേരിതിരിവിനു ശ്രമിക്കുന്നതു നാം കണ്ടു. ഇത്തരം ഗൂഢാലോചനകളെ തിരിച്ചറിയണം.  എം ടി വാസുദേവന്‍ നായര്‍ക്കെതിരായ നീക്കം ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. വയലാര്‍, ഒഎന്‍വി, വള്ളത്തോള്‍, എംടി പോലുള്ള പ്രതിഭാസങ്ങള്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതാണ്. സാമൂഹിക ബോധ മില്ലാത്തവരാണ് അത്തരം മഹാന്‍മാരെ അധിക്ഷേപിക്കുന്നത്. 
 
നോട്ടു നിരോധനംമൂലം ജനജീവിതം ആകെ താറുമാറായി. വിവാഹം നിശ്ചയിച്ചവര്‍, കുട്ടികളുടെ ഫീസ് ഒടുക്കാനുള്ളവര്‍,  തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങി സമസ്ത മേഖലയിലും പ്രതിസന്ധി നിലനില്‍ക്കുന്നു. രാജ്യത്തു നിന്ന് 85 ശതമാനം 'ഗാന്ധിജി'’യെ ഇല്ലാതാക്കി എന്നുമാത്രമാണ് ഇതുകൊണ്ടുണ്ടായ നേട്ടം.
സ്വന്തം പണം ഉപയോഗിക്കാന്‍ കഴിയാത്ത ഒരു പ്രതിസന്ധി ഇതിനുമുമ്പുണ്ടായിട്ടില്ല. ആശുപത്രി ബില്ലടക്കാന്‍ പോലും ജനങ്ങള്‍ നെട്ടോട്ടമോടുന്ന കാഴ്ചയാണു കാണുന്നത്. പിന്‍വലിച്ച നോട്ടിനു പകരം നോട്ട് അച്ചടിക്കാതെ ഈ തീരുമാനം നടപ്പാക്കിയതിന്റെ ദുരിതമാണ് അനുഭവിക്കുന്നത്. രാജ്യത്തിന്റേയും കേരളത്തിന്റെയും സാമ്പത്തിക വളര്‍ച്ചയെ ആകെ ഈ തീരുമാനം തകിടം മറിച്ചു. 
 
ജനങ്ങള്‍ ഇനി പണം ബാങ്കില്‍ നിക്ഷേപിക്കാന്‍ ഭയപ്പെടും. കള്ളനോട്ടു കണ്ടെത്താനാണെങ്കില്‍ വേറെ വഴികള്‍ ധാരാളമുണ്ട്. കള്ളപ്പണം കണ്ടെത്താന്‍ ഈ തീരുമാനം പരാജയപ്പെട്ടു എന്നാണു 97 ശതമാനത്തിലേറെനോട്ടുകള്‍ തിരിച്ചെത്തിയതിലൂടെ വ്യക്തമാവുന്നത്. യു എ പി എ പോലുള്ള നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതു തടയേണ്ടതാണ്.  യുഎപിഎ ചുമത്തണമോ വേണ്ടയോ എന്നു നിശ്ചയിക്കുന്നതു പത്രങ്ങളല്ല. 
ഏക സിവില്‍ കോഡുപോലുള്ള കാര്യത്തില്‍ രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങള്‍ ആശങ്കയിലാണ്. അവരുടെ ആശങ്ക പരിഹരിക്കാതെ അത്തരം നീക്കങ്ങളുമായി മുന്നോട്ടു പോകാതിരിക്കുന്നതാണു നല്ലത്. 
 
സമുദായ സംഘടനകള്‍ വിഭാഗീയമായല്ല കേരളത്തില്‍ പ്രവര്‍ത്തിച്ചത്. മന്നത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ അതു വ്യക്തമാവും. സ്വന്തം സമുദായത്തിലെ കുട്ടികള്‍ക്കു വിദ്യാഭ്യാസം ചെയ്യാന്‍ മാത്രമായല്ല അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടാക്കിയത്. വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭാഗമായ വെള്ളപ്പള്ളി അതിന്റെ അപകടം തിരിച്ചറിഞ്ഞു എന്നാണു തോന്നുന്നത്. കേരളത്തില്‍ അഴിമതിക്കെതിരെ നടക്കുന്ന നീക്കങ്ങളില്‍ പ്രതീക്ഷയുണ്ട്. എംഎം മണിക്കെതിരായ കേസിന്റെ കാര്യമെല്ലാം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമായാണു കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാന വാർത്തകൾ
Top