26 September Wednesday

പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ ടെക്‌നോപാര്‍ക്കില്‍ മലയാളം പള്ളിക്കൂടം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 10, 2017

തിരുവനന്തപുരം > ഐ ടി  ജീവനക്കാരുടെ കുട്ടികള്‍ക്കായി പ്രതിധ്വനിയുടെ ആഭിമുഖ്യത്തില്‍ മലയാളം പള്ളിക്കൂടം ടെക്‌നോപാര്‍ക്കില്‍ ആരംഭിച്ചു. 60 ഓളം കുട്ടികളാണ് പള്ളിക്കൂടത്തിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഒക്ടോബര്‍  8 നു ഉച്ചയ്ക്ക് 2 മണിക്ക് ടെക്‌നോപാര്‍ക്ക് ക്ലബ് ഹൗസില്‍ വച്ച് മലയാളത്തിന്റെ പ്രിയകവി ശ്രീ മധുസൂദനന്‍ നായര്‍ അധ്യക്ഷനായ  പ്രൗഢഗംഭീരമായ ചടങ്ങില്‍ മലയാള സിനിമയുടെ സംവിധാന കുലപതി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍  പള്ളിക്കൂടം നിലവിളക്കു കൊളുത്തി ഉദ്ഘാടനം  ചെയ്തു.

ഡോ.അച്യുത് ശങ്കര്‍ എസ് നായര്‍ , കേരള ഐ ടി സെക്രട്ടറി എം ശിവശങ്കര്‍ ഐ എ എസ് , മേയര്‍ വി.കെ. പ്രശാന്ത്, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, ശ്രീ വട്ടപ്പറമ്പില്‍ പീതാംബരന്‍ സാര്‍,  ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരി, പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 


ടെക്‌നോപാര്‍ക്കിലെയും പുറത്തെയും നിരവധി ജീവനക്കാര്‍ കുട്ടികളെയും കൂട്ടി കുടുംബ സമേതമാണ് പള്ളിക്കൂടത്തിലെത്തിയത് .തേങ്ങാപ്പൂളും കല്‍ക്കണ്ടവും മധുരമായി നല്‍കി , പ്ലാവിലത്തൊപ്പി അണിയിച്ചാണ് കുട്ടികളെ പ്രതിധ്വനിയും പള്ളിക്കൂടവും എതിരേറ്റത് . കേരളത്തിന്റെ നാട്ടുഗന്ധങ്ങളെ പരിചയപ്പെടുത്താന്‍ നിരവധി നാടന്‍  ചെടികളും പ്രദര്‍ശിപ്പിച്ചിരുന്നു.

മലയാളം പള്ളിക്കൂടത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പള്ളിക്കൂടം കാര്യദര്‍ശി ശ്രീ ജെസ്സി നാരായണന്‍ സദസ്സിനോട് സംസാരിച്ചു.പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം മീര എം. എസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍  ശ്രീ . എം ടി വാസുദേവന്‍ നായര്‍ പള്ളിക്കൂടത്തിനായി തയ്യാറാക്കിയ ഭാഷാപ്രതിഞ്ജ  പ്രമുഖ അധ്യാപകന്‍ ശ്രീ വട്ടപ്പറമ്പില്‍ പീതാംബരം സാര്‍ കുട്ടികള്‍ക്കായി ചൊല്ലിക്കൊടുത്തു .


അടൂര്‍ ഗോപാലകൃഷ്ണന്‍ പള്ളിക്കൂടം  ഉദ്ഘാടനം  ചെയ്യുകയും തുടര്‍ന്ന് മധുസൂദനന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഡോ.അച്യുത് ശങ്കര്‍ എസ് നായര്‍, എം ശിവശങ്കര്‍ ഐ എ എസ്, സുരേഷ് വെള്ളിമംഗലം,  വട്ടപ്പറമ്പില്‍ പീതാംബരന്‍  എന്നിവര്‍ വെറ്റിലയും വെള്ളിനാണയവും ഗുരുദക്ഷിണ സ്വീകരിച്ചു കുട്ടികളെ  മണലില്‍ ഹരിശ്രീ കുറിപ്പിച്ചു . കുട്ടികള്‍ക്കെല്ലാം സ്‌ലേറ്റും മഷിത്തണ്ടും പ്രിയകവി ഒ എന്‍ വി കുറുപ്പിന്റെ   കയ്യൊപ്പോടു കൂടിയ അക്ഷര കലണ്ടറും സമ്മാനമായി നല്‍കി .

  പ്രശസ്ത കാലിഗ്രാഫി ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരി ഓരോ കുട്ടികള്‍ക്കും അവരുടെ പേരുകള്‍ മനോഹരമായി വെള്ളക്കടലാസില്‍ തത്സമയം വരച്ചു നല്‍കി.നാട്ടുമൊഴികളും പാട്ടുകളുമായി വിശിഷ്ടാതിഥികളും കുഞ്ഞുങ്ങള്‍ക്കൊപ്പം ചേര്‍ന്നു .പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം സതീഷ് കുമാര്‍ നന്ദി പ്രസംഗം നടത്തി. ഇനി വരുന്ന എല്ലാ ശനിയാഴ്ചകളിലും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ക്ലാസുകള്‍ നടക്കുന്നത്.  

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top