23 September Sunday

'പൂമരം' ഷോ ഒക്ടോബര്‍ 15ന് ന്യൂജേഴ്‌സിയില്‍

വിനീത നായര്‍Updated: Monday Oct 2, 2017

ന്യൂജേഴ്‌സി > എം ബി എന്‍ ഫൗണ്ടേഷന്‍ ന്യൂജേഴ്‌സി മലയാളികള്‍ക്കായി അവതരിപ്പിക്കുന്ന 'പൂമരം' ഷോ ഒക്ടോബര്‍ 15ന്  വൂഡ്ബ്രിഡ്ജ്  മിഡില്‍  സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന്‌ എം ബി എന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ പറഞ്ഞു. വൈകുന്നേരം 4  മണിക്കാരംഭിക്കുന്ന പരിപാടിയുടെ മുഖ്യ ആകര്‍ഷണം ഗായിക വൈക്കം വിജയലക്ഷ്മിയാണ്‌.

എം ബി എന്‍ ഫൗണ്ടേഷന്റെ  ഉദ്ഘാടനം പൂമരം ഷോയ്ക്കു മുന്നോടിയായി നടക്കും. ന്യൂജേഴ്‌സിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍  സജീവ സാന്നിധ്യമായ മാധവന്‍ ബി നായര്‍ ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എന്‍ ഫൗണ്ടേഷന്‍. 'പ്രോമോട്ടിങ് സ്‌കില്‍സ്,സപ്പോര്‍ട്ടിങ് ഹെല്‍ത്ത് 'എന്ന ആശയത്തോടെയാണ്  എം ബി എന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികളിലെ കഴിവുകള്‍ വികസിപ്പിക്കുക, നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സയ്ക്കുള്ള സഹായം നല്‍കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍  ഫൗണ്ടേഷനുണ്ട് .

അമേരിക്കയില്‍ കഴിഞ്ഞ  വര്‍ഷങ്ങളില്‍  നടന്ന പരിപാടികളില്‍  നിന്നും വളരെ വ്യത്യസ്തത നിറഞ്ഞതാകും വൈക്കം വിജയലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന 'പൂമരം' ഷോ. വൈക്കം വിജയലക്ഷ്മിയുടെ ആദ്യത്തെ അമേരിക്കന്‍ ഷോ കൂടിയാണ് പൂമരം. പുല്ലാംകുഴല്‍ വിദഗ്ധനായ ചേര്‍ത്തല രാജേഷും, ബിനോയിയും അടങ്ങുന്ന  സംഘം ഒരുക്കുന്ന സംഗീതവിരുന്നും  ഇതോടൊപ്പം അവതരിപ്പിക്കും.

ചലച്ചിത്ര നടി  അനുശ്രീ, രൂപശ്രീ, സജ്ന നജാം, ശ്രുതി തമ്പി, ഷാജു തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും പരിപാടിയില്‍ ഉണ്ടാകും. സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് സജ്ന നജാം  ആണ്  നൃത്ത സംവിധാനം നിര്‍വഹിക്കുന്നത്. 'മുത്തേ പൊന്നേ പിണങ്ങല്ലേ' എന്ന ഹിറ്റ് പാട്ട് എഴുതി ഈണം പകര്‍ന്ന അരിസ്റ്റോ സുരേഷ്, മിമിക്രി കലാകാരന്‍ അബിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന കോമഡി ഷോയും, നടന്‍ അനൂപ് ചന്ദ്രനും, ആക്ഷന്‍ ഹീറോ സുരേഷും ഒരുക്കുന്ന കോമഡി സ്‌കിറ്റുകളും പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ കലാകാരന്‍മാര്‍  പൂമരത്തിനൊപ്പം ന്യൂജേഴ്‌സിയിലെ കാണികളെ വിസ്മയിപ്പിക്കുവാന്‍ എത്തും.

പൂമരം ഷോയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്:
മാധവന്‍ ബി നായര്‍, ചെയര്‍മാന്‍, 7327187355 
വിനീത നായര്‍, പി ര്‍ ഒ, 7328743168

 

പ്രധാന വാർത്തകൾ
Top