17 July Tuesday

സാമൂഹിക മാധ്യമങ്ങള്‍ അപകടകരമായ ആരംഭശൂരത്വത്തില്‍: എന്‍പി രാജേന്ദ്രന്‍

വെബ് ഡെസ്‌ക്‌Updated: Saturday Dec 16, 2017

കുവൈറ്റ് സിറ്റി > സാമൂഹിക മാധ്യമങ്ങള്‍ അപകടകരമായ ആരംഭശൂരത്വത്തിലാണുള്ളതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പ്രസ് അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി. രാജേന്ദ്രന്‍. ഫര്‍വാനിയ മെട്രോ മെഡിക്കല്‍ കെയര്‍ ഹാളില്‍ മലയാളി മീഡിയ ഫോറം സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുത്തക മാധ്യമങ്ങള്‍ക്കെതിരായ സ്വാതന്ത്ര്യപ്രഖ്യാപനമെന്നും ജനാധിപത്യവത്കരണമെന്നും അവകാശപ്പെട്ട് രംഗം കൈയടക്കിയ സാമൂഹിക മാധ്യമങ്ങള്‍ നാഥനില്ലാ കളരിയാവുന്ന കാഴ്ചയാണ് ഇന്നുള്ളത്. പണവും ബുദ്ധിയും ഉള്ളവര്‍ക്ക് കൃത്രിമമായി അഭിപ്രായ രൂപവത്കരണം നടത്താന്‍ ഇതുവഴി കഴിയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അടക്കം ഇത്തരം ആരോപണമുയര്‍ന്നു.


കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതും രാജ്യദ്രോഹപരവും വംശീയവുമായ കുപ്രചാരണങ്ങള്‍ വ്യാപിക്കുമ്പോഴും ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതി വന്നു. ദൗര്‍ബല്യങ്ങള്‍ ഏറെ ഉള്ളപ്പോഴും മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരുന്നു. ദുഷിപ്പുകള്‍ പുതിയ കാലത്തെ സൃഷ്ടിയല്ല. അറിയപ്പെടുന്ന ആദ്യത്തെ മാധ്യമം 17ാം നൂറ്റാണ്ടില്‍ വന്ന കാലം തൊട്ടേ ദുഷിപ്പുകളും ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളുടെ വരവോടെ മുഖ്യധാര മാധ്യമങ്ങള്‍ തകരും എന്ന വാദത്തിന് അടിസ്ഥാനമില്ല. രൂപമാറ്റങ്ങളോടെയാണെങ്കിലും അവ നിലനില്‍ക്കുമെന്ന് തന്നെയാണ് പുതിയ പ്രവണതകള്‍ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ ടി.വി. ഹിക്മത്ത്‌ കണ്‍വീനര്‍ ഗിരീഷ് ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top