21 November Wednesday

വാഹനാപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി സലാഹുദീനെ നാട്ടിലെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

ജിദ്ദ > സൗദിയിലെ തബൂക്കില്‍ സ്വദേശിയുടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ കൊല്ലം വെളിച്ചിക്കാല കുണ്ടുമന്‍ സ്വദേശി സലാഹുദ്ദീന്‍ വാവക്കുഞ്ഞിനെ നാട്ടിലെത്തിച്ചു. കഴിഞ്ഞ ജൂണ്‍ ഒന്നിന് കാല്‍നടയാത്ര ചെയ്യുമ്പോള്‍ എതിര്‍ദിശയില്‍ വന്ന സ്വദേശിയുടെ വാഹനം ഇടിക്കുകയായിരുന്നു. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇടിയുടെ ആഘാതത്തില്‍ തലയ്ക്കും കാലിനും ഗുരുതരമായി പരുക്കേറ്റ സലാഹുദീന്‍ തബൂക് കിംഗ് കാലിദ് ഹോസ്പിറ്റലില്‍ 28 ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയും തുടര്‍ന്ന് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു.

ചികിത്സക്ക് ചിലവായ 127400 റിയാല്‍ സ്‌പോണ്‍സര്‍ ഈദ് അല്‍ അനാസി ഏറ്റെടുത്തു. സ്പോണ്‍സറുടെ സഹായവും മാസ്സ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ ഇടപെടലും കൊണ്ടാണ് തനിക്ക് എത്രയും വേഗം തുടര്‍ചികിത്സക്കായി നാട്ടിലേക്കെത്താന്‍ സാഹായമായതെന്ന് അദ്ദേഹം നന്ദിയോടെ സ്മരിച്ചു. തന്നെ പരിചരിച്ച മലയാളികളടക്കമുള്ള സ്റ്റാഫ് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂടെ നിന്ന് പരിചരിച്ച ജാസിമിനും ബന്ധുവായ സജീവിനും സാമൂഹ്യപ്രവര്‍ത്തകന്‍ ഫൈസല്‍ കുളത്തുപ്പുഴയ്ക്കും മാസ്സ് പ്രവര്‍ത്തകര്‍ക്കും മറ്റു സുഹ്യത്തുക്കള്‍ക്കും അദ്ദേഹവും കുടുംബവും നന്ദി അറിയിച്ചു.

 

പ്രധാന വാർത്തകൾ
Top