25 May Friday
മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു

പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗമാകാന്‍ ഓണ്‍ലൈന്‍ സൌകര്യം

വെബ് ഡെസ്‌ക്‌Updated: Sunday Dec 24, 2017

മലപ്പുറം > ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്കും ഇനി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് അംഗത്വം വിരല്‍ത്തുമ്പില്‍. അംശദായവും ഓണ്‍ലൈനില്‍ അടയ്ക്കാം. ബോര്‍ഡിന്റെ സമ്പൂര്‍ണ അംഗത്വ ഡിജിറ്റലൈസേഷനും പ്രവാസി സംഗമവും മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. അംഗത്വം നല്‍കിയവരുടെ കാര്‍ഡും മുഖ്യമന്ത്രി തത്സമയം പ്രദര്‍ശിപ്പിച്ചു.
www.pravasiwelfarefund.org/  ആണ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ്. ഓണ്‍ലൈന്‍വഴി അംഗത്വമെടുക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാം.അപേക്ഷിച്ച് 15 ദിവസത്തിനകം അംഗത്വകാര്‍ഡ് സ്വന്തമായി പ്രിന്റ് ചെയ്ത് എടുക്കാം. ഇതുവരെ പിന്തുടര്‍ന്ന ഓഫ്ലൈന്‍ രീതി തുടരുകയുംചെയ്യും. ചികിത്സാസഹായം ഒഴികെയുള്ള ആനുകൂല്യങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം.

നിലവില്‍ വിദേശത്ത് ജോലിചെയ്യുന്നവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കും വിദേശത്തുനിന്ന് മടങ്ങി വരുന്നവര്‍ക്കും ബോര്‍ഡില്‍ അംഗത്വമെടുക്കാം. വിദേശത്തുള്ളവര്‍ മാസം 300 രൂപയും നാട്ടിലുള്ളവര്‍ 100 രൂപയുമാണ് അംശദായമായി അടയ്ക്കേണ്ടത്. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ 2000 രൂപ മിനിമം പെന്‍ഷന്‍ ലഭിക്കും. മരണാനന്തര ധനസഹായം, ചികിത്സാ ധനസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ധനസഹായം എന്നിവയും ലഭിക്കും.

ചടങ്ങില്‍ ബോര്‍ഡിന്റെ ഉപഹാരം മുഖ്യമന്ത്രിക്ക് കൈമാറി. ബോര്‍ഡ് ചെയര്‍മാന്‍ പി ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായി. നോര്‍ക്ക-റൂട്സ് എക്സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ കെ വരദരാജന്‍, പി ഉബൈദുള്ള എംഎല്‍എ, ബോര്‍ഡ് മുന്‍ ചെയര്‍മാന്മാരായ ടി കെ ഹംസ, അഡ്വ. പി എം എ സലാം, സിഇഒ സി ജോസ്, ഡയറക്ടര്‍മാരായ ആര്‍ കൊച്ചുകൃഷ്ണന്‍, കെ കെ ശങ്കരന്‍, കെ സി സജീവ് തൈക്കാട്, ബാദുഷ കടലുണ്ടി എന്നിവര്‍ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top