20 November Tuesday

മന്ത്രി ടി പി രാമകൃഷ്‌ണന് കുവൈറ്റില്‍ സ്വീകരണം നല്‍കി

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018

കുവൈറ്റ് സിറ്റി > കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കേരള തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്‌ണന് സ്വീകരണം നല്‍കി. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന സ്വീകരണ ചടങ്ങില്‍ കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അദ്ദേഹത്തെ സ്വീകരിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത് കുമാര്‍, ലോക കേരള സഭ അംഗം സാം പൈനുംമൂട്, കല കുവൈറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. കേരള സര്‍ക്കാരിന്റെ കീഴിലുള്ള റിക്രൂട്ടിങ് ഏജന്‍സിയായ ഒഡേപെകിന്റെ പ്രതിനിധി സംഘത്തെ നയിച്ചാണ് അദ്ദേഹം കുവൈറ്റില്‍ എത്തിയത്.

കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നാളെ (2018 ജൂണ്‍ 25) നടക്കുന്ന 'ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷവും, മന്ത്രി ടി.പി.രാമകൃഷ്ണന് സ്വീകരണവും' പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. വൈകീട്ട് 6.30ന് അബ്ബാസിയ നോട്ടിങ്ഹാം സ്‌കൂളില്‍ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ കുവൈറ്റ് പ്രവാസി മലയാളികളേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍, ആക്ടിങ് സെക്രട്ടറി എം.പി.മുസ്ഫര്‍ എന്നിവര്‍ പറഞ്ഞു.

പരിപാടിയില്‍ കുവൈറ്റിലെ സാമൂഹിക സാംസ്‌കാരിക, മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. പരിപാടിയില്‍ പങ്കെടുക്കുന്നതിനായി കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സൗകര്യത്തിനായി അബ്ബാസിയ 50292779, അബുഹലീഫ 51355822, ഫഹഹീല്‍ 65092366, സാല്‍മിയ 66736369 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.


 

പ്രധാന വാർത്തകൾ
Top