21 November Wednesday

മന്ത്രിമാരുടെ വരവ് തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്നെതിരെ ഗള്‍ഫില്‍ കടുത്ത പ്രതിഷേധം

ടി.വി.ഹിക്‌മ‌ത്ത്Updated: Sunday Oct 21, 2018

കുവൈറ്റ് സിറ്റി > പുതിയ കേരള സൃഷ്‌ടിക്കായി പ്രവാസികളുടെ സഹായം തേടി വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി ചോദിച്ച കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് അനുമതി നിഷേധിച്ചതിനെതിരെ ഗള്‍ഫില്‍ കടുത്ത പ്രതിഷേധമുയരുന്നു. മന്ത്രിമാരുടെ വരവ് കണക്കാക്കി സാധാരണ പ്രവാസി തൊട്ടു വ്യവസായികള്‍ വരെ സഹായം നല്‍കാന്‍ തയ്യാറായി വന്നിരുന്നു. ഇതിന്റെ ഭാഗമായി കുവൈറ്റ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ലോക കേരള സംഭവങ്ങളുടെ നേതൃത്വത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും നടന്നു വരികയായിരുന്നു. ഇതിനിടയിലാണ് വരവിനു അനുമതി നിഷേധികൊണ്ടുള്ള അറീയിപ്പ് വരുന്നത്.

ഇത് പ്രളയത്തില്‍ നിന്നും അതിജീവിക്കാനുള്ള കേരളത്തോട്, കേന്ദ്രം കാണിച്ചുക്കൊണ്ടിരിക്കുന്ന അനീതികളുടെ തുടര്‍ച്ചയാണെന്നു രാഷ്ട്രീയ വ്യത്യാസം മറന്ന് വിവിധ സംഘടനാ സാരഥികള്‍ പ്രതികരിച്ചു. നാടിന്റെ പുനനിര്‍മ്മിതിക്ക് മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന വളരെ ശക്തമായ നടപടികളെ പരാജയപ്പെടുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിമാര്‍ക്കുള്ള യാത്ര അനുമതി നിഷേധമെന്നു കുവൈറ്റ് കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ നേതാവും ലോക കേരള സഭ അംഗവുമായ ഷറഫുദ്ദീന്‍ കണ്ണോത്ത് പറഞ്ഞു. 

കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ സര്‍ക്കാര്‍ നടത്തുന്ന പുതിയ കേരള സൃഷ്ടിക്കുള്ള പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കുന്നതാണ് ബി ജെ പി നേതൃത്വവും കേന്ദ്ര സര്‍ക്കാരും ഈ നടപടിയിലൂടെ കാണിക്കുന്നതെന്ന് ഓവര്‍സീസ് കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുവൈറ്റ് കമ്മറ്റി പ്രസിടെന്റും ലോക കേരള സഭ അംഗവുമായ വര്‍ഗീസ് പുതുക്കുളങ്ങര പറഞ്ഞു. കല കുവൈറ്റ് അന്‍പത് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി കഴിഞ്ഞുവെന്നും ഒരു കോടിയിലധികം രൂപ ഗ്ലോബല്‍ സാലറി ചാലന്ജിന്റെ ഭാഗമായി മന്ത്രിമാര്‍ വരുമ്പോള്‍ കൈമാറനായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും കല കുവൈറ്റ് ജനറല്‍സെക്രട്ടറി സജി തോമസ് പറഞ്ഞു. മന്ത്രിമാരുടെ വരവ് തടഞ്ഞത് കടുത്ത അനീതിയാണെന്നും സജി തോമസ് കൂട്ടിച്ചേര്‍ത്തു.

ഗ്ലോബല്‍ സാലറി ചാലന്ജ് വഴിയും മറ്റു  ചെറുതും വലുതുമായ സഹായങ്ങളും കേരളത്തില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കുവൈറ്റിന്റെ ചുമതലയുള്ള നോര്‍ക്ക ഡയറക്ടര്‍ ഡോക്ടര്‍ രവിപിള്ളയുമായി ആലോചിച്ച് തുടരുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വെല്ലുവിളിയെ അതിജീവിച്ച്, പരമാവധി സഹായം കുവൈറ്റില്‍ നിന്നും നാട്ടിലെത്തിക്കുന്നതിന് പരിശ്രമിക്കുമെന്നും ലോക കേരള സഭാംഗവും പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്‌ടറുമായ എന്‍.അജിത്കുമാര്‍ ദേശാഭിമാനിയോട് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top