Top
29
Saturday, April 2017
About UsE-Paper

സൌദിയില്‍ മാളുകളില്‍ ജോലി സ്വദേശിവല്‍ക്കരിച്ച് ഉത്തരവ്

Friday Apr 21, 2017
അനസ് യാസിന്‍

മനാമ > വിദേശികള്‍ വന്‍തോതില്‍ തൊഴിലെടുക്കുന്ന സൌദിയിലെ ഷോപ്പിംഗ് മാളുകളിലും സമ്പൂര്‍ണ സൌദിവല്‍ക്കരണം. ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കും മാത്രം പരിമിതപ്പെടുത്തി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രി ഡോ. അലി അല്‍ഗഫീസ് ഉത്തരവിറക്കി. മാളുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും സമ്പൂര്‍ണ സൌദിവല്‍ക്കരണം നടപ്പാക്കാനാണ് തീരുമാനം. എന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിച്ചിട്ടില്ല.

തൊഴില്‍ വിപണിയിലെ സ്ഥിതിഗതികളും വിവരങ്ങളും ഉദ്യോഗാര്‍ഥികളുടെ ലഭ്യതയും വിലയിരുത്തി വിവിധ പ്രവിശ്യകളിലെ മാളുകളില്‍ സമ്പൂര്‍ണ സൌദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീയതി തൊഴില്‍, സാമൂഹിക വികസന മന്ത്രി നിര്‍ണയിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു. സൌദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള സമയം നിര്‍ണയിക്കുന്നതിനും പ്രായോഗിക തലത്തില്‍ പദ്ധതി നടപ്പാക്കുന്നതിനും പ്രവിശ്യകളിലെ സൌദിവല്‍ക്കരണ കമ്മിറ്റികളുമായി ഏകോപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഖസീം മേഖലയിലെ മാളുകളില്‍ സമ്പൂര്‍ണ സൌദിവല്‍ക്കരണം നടപ്പാക്കുന്നതിനുള്ള തീരുമാനം കഴിഞ്ഞ ദിവസം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. അടുത്ത ഹിജ്റ പുതുവര്‍ഷം (സെപ്്റ്റംബര്‍ 21) മുതല്‍ ടെ ഷോപ്പിങ് മാളുകളിലെ കച്ചവട സ്ഥാപനങ്ങളിലും വാഹനങ്ങളിലൂടെ വില്‍പന  നടത്തുന്നതിനും സ്വദേശികള്‍ക്ക് മാത്രമായിരിക്കും അവകാശം. നിയമം നടപ്പാക്കാന്‍ സജ്ജമാവണമെന്നും മേഖലയിലെ ഷോപ്പിങ് മാള്‍ ഉടമകളോട് മന്ത്രാലയ ശാഖ അഭ്യര്‍ഥിച്ചിട്ടുണ്ട്.

സൌദികള്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്താന്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് ഷോപ്പിങ് മാളുകളിലെ ജോലി സ്വദേശികള്‍ക്ക് പരിമിതപ്പെടുത്തുന്നത്. സൌദി ചുെറുകിട വ്യാപാര മേഖലയില്‍ 15 ലക്ഷത്തോളം തൊഴിലാളികളുണ്ട്. ഇതില്‍ മൂന്നു ലക്ഷമാണ് സൌദികള്‍. 2020 ഓടെ റീട്ടെയ്ല്‍ സെക്ടറില്‍ സൌദികളുടെ ജോലി പത്തു ലക്ഷമെങ്കിലും ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.

മൊബൈല്‍ ഫോണ്‍ വില്‍പനയും സര്‍വീസും സ്വദേശിവല്‍ക്കരിച്ചതിന്റെ പിന്നാലെയാണ് മന്ത്രാലയത്തിന്റെ പുതിയ നടപടി. മലയാളികളുള്‍പെടെ പതിനായിരക്കണക്കിന് വിദേശി ജോലിക്കാരെയും സ്ഥാപന ഉടമകളെയും നേരിട്ട് ബാധിക്കുന്നതാണ് മാള്‍ സ്വദേശിവല്‍ക്കരണം. റെന്റ് എ കാര്‍ ഓഫീസുകളിലും കമ്പനികളിലും സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പാക്കാനുള്ള നീക്കം കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് വെളിപ്പെടുത്തിയിരുന്നു.