19 November Monday

ഇന്റര്‍ കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അല്‍ഖര്‍ജ് ഏരിയ ജേതാക്കള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Dec 20, 2017

റിയാദ് > മൂന്നാമത് ഇന്റര്‍ കേളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റില്‍ അല്‍ഖര്‍ജ് ഏരിയ ടീം ജേതാക്കളായി. ആദ്യമായാണ് അല്‍ഖര്‍ജ് ഏരിയ ടീം ഇന്റര്‍ കേളി ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ജേതാക്കളാകുന്നത്. കേളി കലാ സാംസ്കാരിക വേദിയുടെ പതിനേഴാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് കേളി സ്പോര്‍ട്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്റര്‍ കേളി സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചത്.

അല്‍ഹയര്‍ റോഡിലുള്ള ദാറുല്‍ബൈദ ഗ്രൌണ്ടില്‍ നടന്ന ടൂര്‍ണ്ണമെന്റ് കേന്ദ്ര രക്ഷാധികാരി സമിതി ആക്ടിംഗ് കണ്‍വീനര്‍ ദസ്തക്കീര്‍ ഉദ്ഘാടനം ചെയ്തു.  സ്പോര്‍ട്സ് വിഭാഗം കണ്‍വീനര്‍ ഷറഫുദ്ദീന്‍ അധ്യക്ഷനെ ക്ഷണിച്ചുകൊണ്ടാരംഭിച്ച ഉത്ഘാടന ചടങ്ങില്‍ ചെയര്‍മാന്‍ ഫൈസല്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു.  കേളി സെക്രട്ടറി ഷൌക്കത്ത് നിലമ്പുര്‍ സ്വാഗതം പറഞ്ഞു.  രക്ഷാധികാരി സമിതി അംഗം മുഹമ്മദ്കുഞ്ഞു വള്ളികുന്നം, കേളി പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് എന്നിവര്‍ സംസാരിച്ചു.

  ടീമുകളുടെ മാര്‍ച്ച്പാസ്റ്റില്‍ കേന്ദ്ര രക്ഷാധികാരി സമിതി അംഗം മുഹമ്മദ്കുഞ്ഞു വള്ളികുന്നം സല്യൂട്ട് സ്വീകരിച്ചു. കേളി മുഖ്യ രക്ഷാധികാരി കെആര്‍ ഉണ്ണികൃഷ്ണന്‍, രക്ഷാധികാരി സമിതി അംഗങ്ങള്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സ്പോര്‍ട്സ് വിഭാഗം അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ്കുമാര്‍ കിക്ക്-ഓഫ് നിര്‍വ്വഹിച്ചുകൊണ്ട് ടുര്‍ണ്ണമെന്റിനു തുടക്കമായി. 

മൂന്ന് ഗ്രൂപ്പുകളിലായി ഒന്‍പത് ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ എ ഗ്രൂപ്പില്‍ നിന്ന് ബ്ളാസ്റ്റേര്‍സ് ബത്ത, ബി ഗ്രൂപ്പില്‍ നിന്ന് അല്‍ അര്‍ക്കാന്‍ മലാസ,് സി ഗ്രൂപ്പില്‍ നിന്ന് യുവധാര അസ്സീസിയ, കൂടാതെ ഗ്രൂപ്പ് മത്സരത്തിലെ വിജയികള്‍ക്കു പുറമെ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ഫാല്‍ക്കണ്‍ അല്‍ഖര്‍ജ് എന്നീ ടീമുകള്‍ സെമിയില്‍ പ്രവേശിച്ചു.  വാശിയേറിയ  സെമിഫൈനല്‍ മത്സരത്തില്‍ ബ്ളാസ്റ്റേര്‍സ് ബത്തയെ പരാജയപ്പെടുത്തി ഫാല്‍ക്കണ്‍ അല്‍ഖര്‍ജും യുവധാര അസ്സീസിയയെ പരാജയപ്പെടുത്തി അല്‍ അര്‍ക്കാന്‍ മലാസും ഫൈനലില്‍ കടന്നു.

ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരു ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അവയൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഒടുവില്‍ കളി കളി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൌട്ടിലൂടെയാണ് വിജയിയെ തീരുമാനിച്ചത്.  5-4 എന്ന നിലയില്‍ അല്‍ അര്‍ക്കാന്‍ മലാസിനെ പരാജയപ്പെടുത്തി ഫാല്‍ക്കണ്‍ അല്‍ഖര്‍ജ് മൂന്നാമത് ഇന്റര്‍ കേളി ടൂര്‍ണ്ണമെന്റ് കപ്പ് സ്വന്തമാക്കി.
കേളിയുടെ വിവിധ ഏരിയകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ കൂടാതെ നിരവധി ഫുട്ബോള്‍ പ്രേമികളും ടൂര്‍ണ്ണമെന്റ് വീക്ഷിക്കാന്‍ എത്തിയിരുന്നു.


 

പ്രധാന വാർത്തകൾ
Top