21 November Wednesday

നവകേരള നിർമ്മിതി :മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച്‌ ഏറ്റെടുത്ത്‌ സൗദി കേളി അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

റിയാദ്‌> പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുന:ർനിർമ്മിതിക്കായി മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട്‌ വച്ച ‘സാലറി ചലഞ്ച്‌ ’ ആശയം റിയാദ്‌ കേളി കലാ സാംസ്കാരികവേദിയിലെ നിരവധി അംഗങ്ങൾ ഏറ്റെടുത്തു. തങ്ങളുടെ ഒരു മാസത്തെ ശമ്പളം സെപ്തംബർ മാസം മുതൽ ഓരോ മാസവും മൂന്നു ദിവസത്തെ ശമ്പളം വീതം പത്തുമാസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌.

ഒന്നാം ഘട്ടമെന്ന നിലയിൽ കേളിയിലെ മുഴുവൻ അംഗങ്ങളും തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകിയതിനു പുറമേയാണ്‌ നിരവധി അംഗങ്ങൾ സാലറി ചലഞ്ച്‌ ഏറ്റടുത്തിട്ടുള്ളത്‌.

സാലറി ചലഞ്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുംം ഓരോ മാസത്തെയും തുക കൃത്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ടും കേളി സൈബർ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക വാട്ട്സാപ്പ്‌ ഗ്രൂപ്പ്‌ രൂപീകരിച്ചതായി കേളി രക്ഷാധികാരിസമിതി ആക്ടിംഗ്‌ കൺവീനർ കെപിഎം സാദിഖ്‌ പറഞ്ഞു.

വരും ദിവസങ്ങളിൽ കേളിയിലെ കൂടുതൽ അംഗങ്ങളും പൊതുസമൂഹത്തിൽ നിന്ന്‌ സഹകരിക്കാൻ താൽപര്യമുള്ളവരും സാലറി ചലഞ്ച്‌ ഏറ്റെടുക്കാൻ മുന്നോട്ട്‌ വരുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും സാദിഖ്‌ പറഞ്ഞു. സാലറി ചലഞ്ചുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ 0558431558, 0534307645 എന്നീ വാട്ട്സാപ്‌ നമ്പരിലും 0500101223, 0551609702, 0539383229 എന്നീ ഫോൺ നമ്പരുകളിലും ബന്ധപ്പെടാവുന്നതാണ്‌.

 സാലറി ചലഞ്ചുമായി സഹകരിക്കുന്നവരുടെ പേരുവിവരങ്ങൾ സമൂഹ മാധ്യമങ്ങളിലും സിഎംഡിആർഎഫ്‌ വെബ്‌ സൈറ്റിലും കേളി വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തുന്നതാണ് .
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top