19 April Thursday

രാജ്യത്ത് മത നിരപേക്ഷത വെല്ലുവിളി നേരിടുന്നു: എം സ്വരാജ്

വെബ് ഡെസ്‌ക്‌Updated: Monday Mar 20, 2017
മനാമ > സമകാലിക ഇന്ത്യയില്‍ മത നിരപേക്ഷത അപകടകരം ആയ വെല്ലുവിളികളെ നേരിടുകയാണെന്നും അതിനെതിരെ മത നിരപേക്ഷ ശക്തികളുടെ കൂട്ടായ്മ ഉയര്‍ന്നു വരേണ്ടതുണ്ടന്നും എം സ്വരാജ് എം എല്‍ എ പ്രസ്താവിച്ചു. ദേശീയത തര്‍ക്കവിഷയമായി ഉയര്‍ത്തികൊണ്ടുവന്നു എതിര്‍ക്കുന്നവരെ എല്ലാം ദേശദ്രോഹികള്‍ എന്ന മുദ്രചാര്‍ത്തുകയാണ് സംഘ പരിവാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബഹ്റൈന്‍ പ്രതിഭ സംഘടിപ്പിച്ച ഇഎംഎസ് -എകെജി ദിനാചരണത്തില്‍ അനുസമരണ പ്രഭാഷണം നടത്തുക ആയിരുന്നു അദ്ദേഹം. 
ഇന്ത്യക്കു ആന്തരികമായ ഒരു കരുത്ത് ഉണ്ട്. അത് ഇന്ത്യയിലെ മത നിരപേക്ഷ പാരമ്പര്യത്തിന്റെ കരുത്താണ്. ചരിത്രം പരിശോധിച്ചാല്‍ ബുദ്ധനും അശോക ചക്രവര്‍ത്തിയും എല്ലാം ഈ മൂല്യം ഉയര്‍ത്തിപിടിച്ചവരാണെന്ന് കാണാന്‍ കഴിയും. ഇന്ത്യയില്‍ ഒരുകാലത്തും ഭരിക്കുന്ന വ്യക്തിയുടെ മതമോ ജാതിയോ നോക്കി ഒരു രാഷ്ട്രീയ ചര്‍ച്ചയും ഉണ്ടായിട്ടില്ല. ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷം ഉള്ള ഈ രാജ്യത്ത് ദീര്‍ഘ കാലം ഭരണം നടത്തിയിരുന്നത് ദല്‍ഹി സുല്‍ത്താന്‍ മാരും മുഗള്‍ ചക്രവര്‍ത്തി മാരും ആയിരുന്നു. ഇന്ത്യയില്‍ മുസ്ളിം മതവിശ്വാസികള്‍ പ്രസിഡന്റ്മാരും മറ്റു നിരവധി ഭരണാധികാരികളുമായി ഇരുന്നിട്ടുണ്ട്. അന്നൊന്നും താക്കോല്‍ സ്ഥാനത്ത് വരുന്നവരുടെ മതവും ജാതിയും ഒന്നും ഒരു പ്രശ്നവും അല്ലായിരുന്നു. ഇന്ന് സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുന്നു. അതിനു നിദാനമായതു ആര്‍എസ്എസ്സിനാല്‍ നിയന്ത്രിക്കപ്പെടുന്ന ബിജെപിക്ക് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടി എന്നതാണ്. 
 
ലോകത്തിലെ തന്നെ മറ്റൊരു സംഘടനയുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയാത്ത തരത്തിലുള്ള ലക്ഷണമൊത്ത ഒരു ഫാസിസിസ്റ് ഭീകര സംഘടനയാണ് ആര്‍എസഎസ്. മുസ്സോളിനിയും ഹിറ്റ്ലറും പുലര്‍ത്തിയിരുന്ന ആശയങ്ങള്‍ തന്നെയാണ് ആര്‍എസ്എസ്സും ഉയര്‍ത്തിപ്പിടിക്കുന്നത്. ഇന്ത്യയുടെ ഭീഷണി മുസ്ളിം, ക്രിസ്ത്യന്‍ പിന്നെ കമ്മ്യുണിസ്റ്റുകാരും എന്നാണ് വിചാരധാരയില്‍ ഉള്ളത്. വിചാരധാര പ്രാമാണിക ഗ്രന്ഥമായി അംഗീകരിച്ച സംഘടനയാണ് ആര്‍എസ്എസ്. അവര്‍ക്കു മറ്റു ജനവിഭാഗങ്ങളെ അസഹിഷ്ണുതയോടെ മാത്രമേ നോക്കി കാണാന്‍ കഴിയൂ. ആര്‍ എസ് എസ് നിയന്ത്രിത ഭരണം തുടര്‍ന്നാല്‍ രാജ്യം നിരപരാധികളായ മനുഷ്യരുടെ ശ്മശാന ഭൂമിയായി മാറും. 
 
ഇന്ത്യന്‍ മത നിരപേക്ഷത ആക്രമിക്കപ്പെടുമ്പോള്‍ അത് ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യത പെട്ട കോണ്‍ഗ്രസ് എവിടെ എത്തി നില്‍ക്കുന്നു എന്നതും ഈ അവസരത്തില്‍ ചിന്തിക്കേണ്ടതുണ്ട്. കഴിഞ്ഞ നാലപ്പത്തു കൊല്ലം ആയി തോറ്റുകൊണ്ടേ ഇരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടി ആണ് കോണ്‍ഗ്രസ്. 
 
ഇന്ത്യയില്‍ മത നിരപേക്ഷതയുടെ ഒരു ബദല്‍ ഉയര്‍ന്നു വരിക തന്നെ ചെയ്യും. അതിനുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതാണ് ഇഎംഎസ്സും എകെജി യും പോലുള്ള മഹാന്മാരായ കമ്മ്യൂണിസ്റ്റ് വിപ്ളവ കാരികളുടെ ഓര്മ പുതുക്കല്‍. അത് കേവലം ഒരു അനുഷ്ഠാനം അല്ല മറിച്ച് പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജ്ജം ആര്‍ജിക്കല്‍ കൂടിയാണ്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അസാധാരണ വ്യക്തിത്വത്തിന്റെ ഉടമകള്‍ ആയിരുന്നു എകെജി യും ഇഎംഎസും. ആധുനിക കേരളത്തിന്റെ സൃഷ്ടാവായ ഇഎംഎസ്സിന്റെ കാഴ്ച്ച്ചപ്പാടു ആയിരുന്നു ഭാഷ സംസ്ഥാന രൂപീകരണത്തില്‍ ഊന്നിയ കേരളം സംസ്ഥാന രൂപീകരണ നയം. ദീഘ കാലം രാഷ്ട്രീയ കേരളത്തിന്റെ അജണ്ട നിശ്ചയിച്ചിരുന്നത് ഇഎംഎസ് എന്ന മഹാന്‍ ആയിരുന്നു. സ്വാതന്ത്യ്രത്തിന്റെ പൊന്‍ പുലരി ദിനത്തിനും അധ്വാനിക്കുന്നവന് വേണ്ടി ജയിലില്‍ കിടക്കേണ്ടി വന്ന എകെജി അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതീകമായിരുന്നു. ഇന്ത്യന്‍ പാര്ലമെന്ററിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ നാവ് ആയിരുന്നു എകെജി .
 
അദ്ലിയ ബാന്‍് സാങ് തായ് ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ പി കെ രാജേഷ് അധ്യക്ഷനായി. പ്രിതിഭയുടെ സ്നേഹോപഹാരം എം സ്വരാജിന് സി വി നാരായണന്‍ സമര്‍പ്പിച്ചു. സി വി നാരായണന്‍ സംസാരിച്ചു. മഹേഷ് മൊറാഴ സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള , ജനറല്‍ സെക്രെട്ടറി എന്‍ കെ വീരമണി എന്നിവര്‍  പങ്കെടുത്തു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top