25 September Tuesday

പ്രവാസികള്‍ ഉള്‍പ്പെടുന്ന ഗാര്‍ഹിക പീഡനക്കേസുകള്‍ പാസ്പോര്‍ട്ട് കണ്ടുകെട്ടല്‍ ഉള്‍പ്പെടെ പരിഗണനയില്‍

എം പ്രശാന്ത്Updated: Tuesday Sep 19, 2017

ന്യൂഡല്‍ഹി > ഭാര്യയെ ഉപേക്ഷിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന പ്രവാസി ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് റദ്ദാക്കുകയോ കണ്ടുകെട്ടുകയോ ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ശുപാര്‍ശ. മറ്റ് രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവയ്ക്കുന്ന കുറ്റവാളികളെ കൈമാറല്‍ കരാറില്‍ ഗാര്‍ഹികപീഡനക്കേസുകള്‍കൂടി ഉള്‍പ്പെടുത്താനും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സമിതി ശുപാര്‍ശകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിക്കുമെന്ന് വിദേശ മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

പ്രവാസികള്‍ ഉപേക്ഷിച്ച സ്ത്രീകളുടേതായ ഒട്ടനവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ മെയിലാണ് വിദേശ മന്ത്രാലയം ഉന്നതതല സമിതിക്ക് രൂപം നല്‍കിയത്. പ്രവാസികള്‍ക്കായി പഞ്ചാബ് സര്‍ക്കാര്‍ രൂപീകരിച്ച കമീഷന്‍ തലവനും മുന്‍ ജഡ്ജിയുമായ അരവിന്ദ് കുമാര്‍ ഗോയലായിരുന്നു ഒമ്പതംഗ സമിതിയുടെ തലവന്‍. ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉള്‍പ്പെട്ട പ്രവാസികളെ വിചാരണയ്ക്കായി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് സമിതി മുഖ്യമായും പരിശോധിച്ചത്. 

ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ പരാതി ലഭിച്ചാല്‍ പ്രവാസിയുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് സമിതി നിര്‍ദേശിക്കുന്നു. പാസ്പോര്‍ട്ട് കണ്ടുകെട്ടുന്ന സാഹചര്യമുണ്ടായാല്‍ ഗാര്‍ഹികപീഡനക്കേസ് തീര്‍പ്പാകും വരെ രാജ്യം വിട്ടുപോകാനുള്ള സാഹചര്യം ആരോപണവിധേയനായ പ്രവാസിക്ക് ഇല്ലാതാകും. ഇത്തരം സാഹചര്യങ്ങളില്‍ പ്രവാസി വിദേശത്താണെങ്കില്‍ വിചാരണ നടപടികള്‍ നേരിടുന്നതിന് നാട്ടിലേക്ക് തിരിച്ചയക്കേണ്ടതായുമുണ്ട്.

കേസോ കോടതി നിര്‍ദേശമോ ഉണ്ടെങ്കില്‍ പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടാമെന്ന് പാസ്പോര്‍ട്ട് നിയമത്തിലെ 10(3) വകുപ്പ് വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍, അവബോധമില്ലാത്തതിനാലും മറ്റും പലപ്പോഴും ഈ വ്യവസ്ഥ നടപ്പാക്കാറില്ല. ഗാര്‍ഹിക പീഡനക്കേസുകളില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ നല്‍കുന്ന ധനസഹായം 3000 ഡോളറില്‍നിന്ന് 6000 ഡോളറായി ഉയര്‍ത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. വിദേശത്ത് നിയമസഹായവും കൌണ്‍സലിങ്ങും ലഭ്യമാക്കുന്നതിനാണ് ഈ സഹായം.

പ്രവാസികള്‍ ഉള്‍പ്പെടുന്ന വിവാഹങ്ങള്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. പാസ്പോര്‍ട്ടും സാമൂഹ്യസുരക്ഷാ നമ്പറുകളും വിലാസവും ഔദ്യോഗിക വിലാസവും ഉള്‍പ്പെടുന്ന ഒരു ഫോം പ്രവാസിയായ വരന്‍ പൂര്‍ണമായും പൂരിപ്പിച്ച് നല്‍കിയതിനു ശേഷമേ വിവാഹ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈമാറാവൂവെന്നും സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസികള്‍ ഉള്‍പ്പെടുന്ന ഗാര്‍ഹികപീഡനക്കേസുകളും മറ്റും കൈകാര്യം ചെയ്യുന്നതിന് ആഭ്യന്തര- വിദേശ മന്ത്രാലയങ്ങളും ദേശീയ വനിതാ കമീഷനും ഉള്‍പ്പെട്ട ഒരു സംവിധാനത്തിന് ദേശീയതലത്തില്‍ രൂപം നല്‍കാനും സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രധാന വാർത്തകൾ
Top