Top
27
Saturday, May 2017
About UsE-Paper

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ അഖിലലോക കേരളസഭ ചേരും: കോടിയേരി

Friday May 19, 2017
വെബ് ഡെസ്‌ക്‌
അബുദാബി ശക്തി തിയറ്റേഴ്സിന്റെ മുപ്പത്തെട്ടാം വാര്‍ഷികം കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

അബുദാബി > പ്രവാസികളുടെ ക്ഷേമം ഉറപ്പ് വരുത്താനും അവരുടെ സംരക്ഷണത്തിലുള്ള പദ്ധതികള്‍ ആവിഷ്രിക്കാനും അഖിലലോക കേരളസഭാ സമ്മേളനം നടത്തുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അബുദാബി ശക്തി തിയറ്റേഴ്സിന്റെ 38 ാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് '60 പിന്നിട്ട കേരളം: ഭാവിയും പ്രതീക്ഷയും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കേരള നിയമസഭയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 140 എംഎല്‍എമാരും പ്രവാസി പ്രതിനിധികളും ഉള്‍പ്പെടുന്നതായിരിക്കും അഖിലലോക കേരളസഭ. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളുടെ എണ്ണത്തിന് ആനുപാതികമായാണ് അതത് രാജ്യത്തുനിന്ന് പ്രതിനിധിഅളെ തെരെഞ്ഞെടുക്കുക. യു.എ.ഇ. യിലെ മലയാളികളുടെ എണ്ണതിന് ആനുപാതികമായ പ്രതിനിധികള്‍ ഈ രാജ്യത്തുനിന്ന് സഭയിലുണ്ടാകും.

പ്രവാസികളുടെ പ്രശ്നങ്ങള്‍ അവരുമായി ചേര്‍ന്നിരുന്ന് ചര്‍ച്ച ചെയ്യുന്ന അപൂര്‍വ്വ സംഭവത്തിന് ഇതുവഴി കേരളം സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. മറ്റൊരു സംസ്ഥാനത്തും ഇങ്ങിനെ ഒരു പദ്ധതിയുണ്ടായിട്ടില്ല. 2018 ജന്‍വരിയിലാണ് അഖിലലോക കേരളസഭ ചേരുകയെന്നും കോടിയേരി വ്യക്തമാക്കി.
വികസനരംഗത്ത് പുതിയ കാഴ്ചപ്പാട് വേണം. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായിരിക്കണം വികസന പ്രവര്‍ത്തനങ്ങള്‍. വികസനത്തിന്റെ നേട്ടം പാവപ്പെട്ടവന്റെ കുടിലുകളിലുമെത്തണം.

ഇന്ത്യയുടെ ചില സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും സാധിക്കുന്നില്ല. ബിരിയാണിച്ചെമ്പില്‍ ബീഎഫുണ്ടോയെന്ന് നോക്കാന്‍ വരാത്ത സംസ്ഥാനമാണ് കേരളം.

അഹമ്മദാബാദില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും പോയ  പഞ്ചായത്ത് വനിതാ പ്രസിഡന്റുമാര്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ അവരെ ആ പരിപാടിയില്‍ പങ്കെടുപ്പിച്ചില്ല. ഇഷ്ടമുള്ള വസ്ത്രം ധരിച്ച് ഔദ്യോഗിക പരിപാടികളില്‍ ജനപതിനികളെ പോലും പങ്കെടുക്കാന്‍ അനുവദിക്കാത്ത അവസ്ഥ ചില സംസ്ഥാനങ്ങളില്‍ ഉണ്ടാകുമ്പോള്‍ അത്തരത്തിലൊള്ളൊരു സംഭവം കേരളത്തില്‍ ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നത് കേരളത്തിന്റെ പ്രത്യേകതയാണ്.
സിബിഎസ്ഇ പരീക്ഷാ ഹാളിനകത്ത് ചില സ്കൂള്‍ മാനേജ്മെന്റുകള്‍ പ്രകടിപ്പിച്ച സമീപനം വസത്രധാരണത്തിനെതിരെ ചോദ്യം ചെയ്യുന്ന സ്ഥിതി വന്നപ്പോള്‍ ശക്തമായ പ്രതികരണം മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലില്ലാത്ത പ്രതികരണമാണ് എന്നത് കേരളത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായി നമുക്ക് അഭിമാനത്തോടുകൂടി ഉയര്‍ത്തിക്കാണിക്കാന്‍ കഴിയും കോടിയേരി പറഞ്ഞു.

അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി. പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.

കൈരളി ടിവി യു.എ.ഇ. കോര്‍ഡിനേറ്റര്‍ കൊച്ചുകൃഷ്ണന്‍, അബുദാബി കോര്‍ഡിനേറ്റര്‍ കെ. ബി. മുരളി, ശക്തി വനിതാവിഭാഗം കണ്‍വീനര്‍ പ്രിയാ ബാലു, ശക്തിയുടെ ആദ്യകാല പ്രവര്‍ത്തകരായ ഒ.വി.മുസ്തഫ, രവി ഇടയത്ത്, വിവിധ സംഘടനനകളെ പ്രതിനിധീകരിച്ച് എം. എ. സലാം(ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍), ടി. കെ. മനോജ് (കേരള സോഷ്യല്‍ സെന്റര്‍), വക്കം ജയലാല്‍ (അബുദാബി മലയാളി സമാജം), യു. അബ്ദുള്ള ഫാറൂഖി,(ഇന്ത്യന്‍ ഇസ്ളാമിക് സെന്റര്‍), ടി.കെ.സലാം (അലൈന്‍ മലയാളി സമാജം), റൂഷ് മെഹര്‍ (യുവകലാസാഹിതി), ടി.എം.സലീം (ഫ്രണ്ട്സ് എഡിഎം എസ്), കോശി ജോര്‍ജ് (കൈരളി കള്‍ച്ചറല്‍ ഫോറം), അമര്‍സിംഗ് വലപ്പാട് (കല അബുദാബി) എന്നിവരും ഡോ. ബി. ആര്‍. ഷെട്ടി, പ്രശാന്ത് മങ്ങാട്ട്, സജീവന്‍, സൂരജ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

ജനാധിപത്യ കേരളത്തിന്റെ 60 ാം വാര്‍ഷികത്തിന്റെ പ്രതീകമെന്നോണം 60 ഗായകരെ അണിനിരത്തിക്കൊണ്ട് ജലീല്‍ ടി. കുന്നത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച സംഘഗാനത്തോടെയാണ് ശക്തി വാര്‍ഷികോദ്ഘാടന പരിപാടികളുടെ തിരശ്ശീല ഉയര്‍ന്നത്.

  

Related News

കൂടുതൽ വാർത്തകൾ »