20 September Thursday

അറുപത്തിയഞ്ച് വയസ്‌ കഴിഞ്ഞവര്‍ക്ക് പിരിച്ചുവിടല്‍ നിര്‍ദ്ദേശം; വേഗത്തില്‍ നടപ്പിലാക്കണമെന്ന് പാര്‍ലമെന്റ് അംഗം

വെബ് ഡെസ്‌ക്‌Updated: Tuesday May 15, 2018

കുവൈറ്റ് സിറ്റി > അറുപത്തിയഞ്ച് കഴിഞ്ഞ പ്രവാസികളായ ജീവനക്കാരുടെ താമസ രേഖ പുതുക്കി നല്‍കേണ്ടതില്ലെന്നും, ഒരു സ്ഥാപനത്തില്‍ നിന്നുംമറ്റൊരിടത്തേക്ക് വിസാമാറ്റം അനുവദിക്കേണ്ടതില്ലെന്നുമുള്ള നിര്‍ദ്ദേശം നടപ്പിലാക്കണമെന്ന് കുവൈറ്റിലെ ഏക വനിതാ പാര്‍ലമെന്റ് അംഗം സഫാ അല്‍ഹാഷിം.സ്വദേശികളെ പരിശീലിപ്പിക്കാന്‍ ഒരു വിദേശിയും അവരുടെ പരിചയസമ്പത്ത് ഉപയോഗിക്കാറില്ല.

പകരം ഇവിടെ ലഭിക്കുന്ന മെച്ചപ്പെട്ട ജീവിത സാഹചര്യവും മികച്ച ശമ്പളവും മാത്രമാണ് വിദേശികള്‍ ലക്ഷ്യമാക്കുന്നതെന്നുമാണ് സഫാഅല്‍ഹാഷിം എംപി ഉയര്‍ത്തുന്ന വാദം. കഴിഞ്ഞ ദിവസം കുവൈറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി പ്രതിനിധികളും മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളും പങ്കെടുത്ത യോഗത്തിലാണ് അറുപത്തിയഞ്ച് കഴിഞ്ഞ പ്രവാസികളായ ജീവനക്കാരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

എന്നാല്‍ ഇത് സംബന്ധിച്ചു ബന്ധപ്പെട്ട വകുപ്പുകളുടെ അഭിപ്രായം ആരായുക മാത്രമാണ് നടന്നതെന്നും തീരുമാനങ്ങളൊന്നും എടുത്തില്ലെന്നും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയും സാമ്പത്തികകാര്യ സഹമന്ത്രിയുമായ ഹിന്ദ് അല്‍ സബ വ്യക്തമാക്കി.

പുതിയ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. അതേ സമയം വിദേശികളെയാകെ ഒറ്റയടിക്ക് കുറക്കുക എന്നത് പ്രായോഗികമല്ല, ഘട്ടം ഘട്ടമായി സ്വദേശി വല്‍ക്കരണ നടപടികള്‍ കൈക്കൊള്ളുന്നതാണ് നല്ലതെന്നും പാര്‍ലമെന്റിലെ റിപ്ലെയ്‌സ്‌മെന്റ് സമിതിചെയര്‍മാന്‍ ഖലീല്‍ അല്‍ സാലെ പറഞ്ഞു. ചില തസ്തികകളില്‍ അതെ യോഗ്യതയുള്ള സ്വദേശികളെ
കിട്ടാന്‍ പ്രയാസമാണെന്നും സാലെ കൂട്ടിച്ചേര്‍ത്തു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top