18 November Sunday

മലയാളം മിഷൻ അധ്യാപക പരിശീലന കളരിക്ക് പ്രോജ്ജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday May 14, 2018


അബുദാബി>  അക്ഷരങ്ങള്‍ പഠിപ്പിച്ചും കഥകള്‍ പറഞ്ഞും കവിതകള്‍ ചൊല്ലിയും പാട്ടുപാടിയും കൊച്ചു കൊച്ചു കുട്ടികള്‍ക്ക് മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്ന അധ്യാപകര്‍ കുട്ടികളായി മാറിയ അപൂര്‍വ്വമായ നിമിഷങ്ങള്‍ക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വേദിയായി.

'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി മലയാളം മിഷന്‍ അബുദാബി മേഖല ഒരുക്കിയ പഠനക്കളരിയായിരുന്നു വേദി.

മലയാളം മിഷന്‍ പരിശീലകര്‍ നല്‍കുന്ന കേട്ടെഴുത്ത് എഴുതിയും, ബോര്‍ഡെഴുത്ത് വായിച്ചും, അവര്‍ ചൊല്ലിക്കൊടുക്കുന്ന കവിതകള്‍ ഏറ്റുചൊല്ലിയും, അവര്‍ എറിഞ്ഞു കൊടുത്ത ചിതറിക്കിടക്കുന്ന വാക്കുകള്‍ കോര്‍ത്തെടുത്ത് കവിതയും കഥയുമാക്കി മാറ്റിയും, അവയെ ഇഷ്ടമുള്ള ശീലുകളില്‍ പാടിയും കൊച്ചുകൊച്ചു കൂട്ടങ്ങളായി വിഭജിച്ച് പുതിയ പുതിയ ഭാഷാ പരിജ്ഞാനങ്ങള്‍ക്ക് വഴിവെച്ചും.


ഇന്ന് വരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചിഹ്നങ്ങള്‍ കൊടുത്ത് എങ്ങിനെയാണൊരു ഭാഷ രൂപപ്പെടുന്നതെന്ന് കാണിച്ചും ഗൾഫിലെ  വേനലവദി ക്യാമ്പുകളിലെ കുറുമ്പന്മാരും കുറുമ്പികളുമായ കുട്ടികളെപ്പോലെ മുതിര്‍ന്നവര്‍ മാറുകയായിരുന്നു.
അബുദാബിയില്‍ നിന്നും അല്‍ ഐനില്‍ നിന്നും അറുപതോളം അധ്യാപകര്‍ മലയാളം മിഷന്‍ അധ്യാപകരുടെ ക്ലാസ്സു മുറിയിലെ കുട്ടികളായി മാറിയ അപൂര്‍വ്വ കാഴ്ചയായിരുന്നു അത്.

സ്‌കൂള്‍ അധ്യാപകര്‍, സംഗീത അധ്യാപകര്‍, നാടകപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, കലാകാരികള്‍, എഴുത്തുകാര്‍, വീട്ടമ്മമാര്‍, ഉദ്യോഗസ്ഥര്‍, ബിസിനസ്സുകാര്‍, തൊഴിലാളികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവരും പരിശീലനകളരിയിലെ കുട്ടികളായിരുന്നു.

അബുദാബി കേരള സോഷ്യൽ സെന്റർ, അബുദാബി മലയാളി സമാജം, ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ, ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ എന്നീ ഗവൺമെന്റ് അംഗീകൃത സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പിന് മലയാളം മിഷന്റെ ഉദ്യോഗസ്ഥന്‍  എം. ടി. ശശിയും മലയാളം മിഷന്റെ പരിശീലകന്‍ കെ. കുഞ്ഞികൃഷ്ണനും ക്യാമ്പിന് നേതൃത്വം നൽകി.

പരിശീനക്കളരിക്ക് തുടക്കം കുറിച്ചുകൊണ്ട് മലയാളം മിഷൻ അബുദാബി ആക്ടിംഗ് കൺവീനർ പുന്നൂസ് ചാക്കോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലോക കേരള സഭ അംഗം കെ. ബി. മുരളി ഉദ്ഘാടനം നിർവ്വഹിച്ചു.

കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻ കുട്ടി, ഇന്ത്യാ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ സാഹിത്യ വിഭാഗം സെക്രട്ടറി ജ്യോതിലാൽ ബാലൻ, മലയാളം മിഷൻ യു.എ.ഇ ചാപ്റ്റർ അംഗം വി. പി. കൃഷ്ണകുമാർ, അബുദാബി മേഖല കോർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി, ലോക കേരള സഭ അൽ ഐൻ പ്രതിനിധി അബ്ദുൽ സലാം എന്നിവർ സംബന്ധിച്ച്. കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി ബിജിത് കുമാർ സ്വാഗതം പറഞ്ഞു.
 

പ്രധാന വാർത്തകൾ
Top