13 December Thursday

ബെഹ്‌‌റൈനില്‍ കെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു; 30 പേര്‍ക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Oct 11, 2018

മനാമ > ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മനാമക്ക് സമീപം മൂന്നുനിലകെട്ടിടം തകര്‍ന്നുവീണ് നാലുപേര്‍ മരിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പലരുടെയും പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച രാത്രിയാണ് അപകടം. പഴയ കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള റസ്റ്റോറണ്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. മരിച്ചവരിലും പരിക്കേറ്റവരിലും ഏറെയും ബംഗ്ലാദേശികളാണ്. പരിക്കേറ്റവരില്‍ ചില ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. എന്നാല്‍ മലയാളികള്‍ ആരം അപകടത്തില്‍ പെട്ടിട്ടില്ലെന്നാണ് വിവരം.

പരിക്കേറ്റവര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷ നടപടികള്‍ സ്വീകരിച്ചു. വിവരമറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സും പൊലിസും തകര്‍ന്നുവീണ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ അതിവേഗം സല്‍മാനിയ, നയീം ഹെല്‍ത്ത് സെന്റര്‍, ബിഡിഎഫ് ആശുപത്രികളിലേക്ക് മാറ്റി. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റ നിലയിലാണ് പലരെയും പുറത്തേക്ക് എത്തിച്ചത്. പലരുടെയും ശരീരത്തിന് പൊള്ളലേറ്റിരുന്നു. ഒരു മൃതദേഹം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നാണ് പുറത്തെടുത്തത്.

സംഭവത്തില്‍ ബഹ്‌‌‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരം, തൊഴില്‍, സാമൂഹ്യ വികസനം, ആരോഗ്യം, പൊതുമരാമത്ത, മുനിസിപ്പല്‍ കാര്യ, നഗരാസൂത്രണ മന്ത്രാലയങ്ങള്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top