20 June Wednesday

കെഎസ്‌‌‌സിഎ മലയാള കവിതാ പുരസ്‌‌കാരം പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

മനാമ > ബഹറിന്‍ കേരള സോഷ്യല്‍ & കള്‍ച്ചറല്‍ അസ്സോസിയേഷന്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ച 'കെഎസ്‌‌‌സിഎ' മലയാള കവിതാ പുരസ്‌‌കാരം 2018' കവിതാ മത്സര ഫലങ്ങള്‍ പ്രഖ്യാപിച്ചു. ബഹറിന്‍ പ്രവാസിയായ  ആദര്‍ശ് മാധവന്‍ കുട്ടിയുടെ ' ഭ്രമണം ' എന്ന കവിതക്കാണ്  ഒന്നാം സ്ഥാന ലഭിച്ചത്.. കവിതാമത്സരത്തില്‍ രണ്ടാംസ്ഥാനം ലഭിച്ചത് സിബി ഇലവുപാലത്തിന്റെ  ' ഒറ്റക്കൊരുകുപ്പിവള പൊട്ടുമ്പോള്‍' എന്നകവിതക്കും, മൂന്നാംസ്ഥാനം ശ്രീ. മനു കാരയാടിന്റെ 'ഭൂപടങ്ങളില്‍ ചോരപൊടിയുന്നു' എന്ന കവിതക്കും ലഭിച്ചു.

ഘടനാപരവും ആശയപരവുമായ പ്രത്യേകതകള്‍ പരിഗണിച്ച് അവാര്‍ഡ് ജൂറികമ്മറ്റിയുടെ പ്രത്യേക പുരസ്‌കാരത്തിനു ഡോ: ജിഷ ജ്യോതിഷിന്റെ 'ഓര്‍മ്മപൂക്കള്‍', മായാ കിരണിന്റെ ' ജനറേഷന്‍ ഗ്യാപ്' എന്നീ കവിതകള്‍ക്കും ലഭിച്ചു.

ഒന്നാം സ്ഥാനം ലഭിച്ച കവിതക്ക് പതിനായിരത്തിയൊന്നു രൂപയും മൊമന്റോയും പ്രശസ്‌തിപത്രവും അടങ്ങുന്ന 'കെഎസ്‌‌‌സിഎ' മലയാളകവിതാപുരസ്‌കാരം2018 ' ജൂണ്‍ 15 വൈകിട്ട് കേരള കാത്തലിക് അസ്സോസിയേഷന്‍ ആഡിറ്റോറിയത്തില്‍ 'കെഎസ്‌‌‌സിഎ' മന്ദാരപ്പൂക്കള്‍ ബാലകലോത്സവം 'ഫിനാലേ വേദിയില്‍ വെച്ച്‌നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനിക്കും.  കവിയും ഗാനരചയിതാവുമായ  വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ മുഖ്യാതിഥി ആയിരിക്കും.

വയലാര്‍ ശരത്ചന്ദ്രവര്‍മ്മ അദ്ധ്യക്ഷനായി,  സാഹിത്യകാരന്‍ ഉണ്ണികൃഷ്‌ണന്‍ പൂഴിക്കാട്, മാധ്യമപ്രവര്‍ത്തക ശ്രീദേവി നമ്പ്യാര്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത് എന്ന് കേരള സോഷ്യല്‍ & കള്‍ച്ചറല്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് പമ്പാവാസന്‍ നായര്‍, ജനറല്‍ സെക്രട്ടറി മനോജ്‌ കുമാര്‍ എന്നിവര്‍ അറിയിച്ചു.

 

പ്രധാന വാർത്തകൾ
Top