24 September Monday

വിദേശത്തൊഴിലാളി ലെവി അടയ്‌‌‌ക്കാൻ ആറുമാസം

അനസ് യാസിൻUpdated: Thursday Feb 8, 2018

മനാമ > സൗദി സ്വകാര്യമേഖലയിൽ വിദേശത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ലെവി അടയ്ക്കാൻ തൊഴിലുടമകൾക്ക് ആറു മാസം സാവകാശം. ലെവി മൂന്നുതവണയായി അടയ്ക്കുന്നതിനും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി. സ്വകാര്യമേഖലയുടെ പ്രയാസം കണക്കിലെടുത്താണ് മന്ത്രാലയം സമയം ദീർഘിപ്പിച്ചത്. തൊഴിലാളികളുടെ ലെവി സ്ഥാപന ഉടമയാണ് അടയ്ക്കേണ്ടത്. ഈവർഷം ജനുവരി ഒന്നുമുതൽ സ്വകാര്യസ്ഥാപനങ്ങളിലെ മുഴുവൻ വിദേശികൾക്കും ലെവി ബാധകമാക്കിയിട്ടുണ്ട്. ഇതുവരെ സ്വകാര്യസ്ഥാപനങ്ങളിൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള വിദേശികൾക്കുമാത്രമായിരുന്നു ലെവി ബാധകം. ഇവർക്ക് പ്രതിമാസം 200 റിയാൽ വീതം വർഷം 2,400 റിയാലാണ് ലെവി ഇനത്തിൽ അടച്ചിരുന്നത്.

ഈ വർഷം മുതൽ സൗദി ജീവനക്കാരെക്കാൾ കൂടുതലുള്ള സ്ഥാപനങ്ങളിലെ വിദേശികൾക്ക് പ്രതിമാസം 400 റിയാൽ വീതം വർഷത്തിൽ 4,800 റിയാലാണ് ലെവി. സൗദികളേക്കാൾ കുറവുള്ള വിദേശികൾക്ക് സ്ഥാപനം പ്രതിമാസം 300 റിയാൽ തോതിൽ വർഷത്തിൽ 3,600 റിയാലുമാണ് ലെവി. സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനും ഇടയാക്കുന്ന ലെവി സംവിധാനത്തിൽനിന്ന് ഒഴിവാക്കണമെന്നാണ് വ്യാപാരികളും വ്യവസായികളും ആവശ്യപ്പെടുന്നത്. ഇഖാമ കാലാവധിയുടെ മധ്യത്തിൽവച്ചോ കാലാവധി അവസാനിക്കുന്നതിന് മാസങ്ങൾ ശേഷിക്കെയോ വിദേശത്തൊഴിലാളികൾ ഫൈനൽ എക്സിറ്റിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതുപോലുള്ള സാഹചര്യങ്ങൾ കണക്കിലെടുക്കാതെ മുഴുവൻ ജീവനക്കാർക്കുമുള്ള ലെവി ഇൻവോയ്സ് ആണ് മന്ത്രാലയം ഇഷ്യു ചെയ്തത്.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ ലെവി ഇൻവോയ്സിൽനിന്ന് ഒഴിവാക്കണമെന്ന് വ്യവസായികൾ ആവശ്യപ്പെടുന്നു. പല സ്ഥാപനങ്ങളും ലെവിബാധ്യത തൊഴിലാളികളിൽനിന്ന് ഈടാക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും നിർബാധം തുടരുകയാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top