26 September Wednesday

ഒമാനിൽ സ്വദേശികളെ നിയമിക്കാത്ത കമ്പനികളിലെ വിസ റദ്ദാക്കും

അനസ് യാസിൻUpdated: Tuesday Mar 6, 2018


മനാമ > സ്വദേശിവൽക്കരണതോത് പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയുമായി ഒമാൻ. സ്വദേശികളെ നിയമിക്കാത്ത കമ്പനികളിലെ വിദേശതൊഴിലാളികളുടെ വിസ റദ്ദാക്കുമെന്ന് മാനവശേഷിമന്ത്രാലയം ആസൂത്രണവിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ഹദ്രാമി പറഞ്ഞു.

സ്വദേശിവൽക്കരണതോത് പാലിക്കാത്ത 199 കമ്പനികൾക്കെതിരെ കഴിഞ്ഞമാസം മന്ത്രാലയം നടപടി സ്വീകരിച്ചതിനുപിന്നാലെയാണ് ഡയറക്ടർ ജനറൽ മന്ത്രാലയതീരുമാനം വ്യക്തമാക്കിയത്. മസ്കത്ത്, ദോഫർ, അശ് ശർഖിയ, അൽ ബതീന, അദ് ദാഖിലിയ, അദ് ദാഹിറ, അൽ വുസ്ത എന്നീ ഗവർണറേറ്റുകളിൽ നടത്തിയ റെയ്ഡുകളിലാണ് കമ്പനികളുടെ നിയമലംഘനം കണ്ടെത്തിയത്. ഈ കമ്പനികളിൽ 16,544 വിദേശതൊഴിലാളികൾ ജോലിചെയ്യുന്നുണ്ടെങ്കിലും ഒറ്റ ഒമാൻ പൗരനുമില്ലെന്ന് മന്ത്രാലയം കണ്ടെത്തി.

ഒമാൻ തൊഴിൽനിയമം ലംഘിക്കുന്ന കമ്പനികളുടെ തൊഴിൽ  പെർമിറ്റ് സസ്പെൻഡ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഒമാൻ തൊഴിൽനിയമപ്രകാരം സ്വദേശിവൽക്കരണതോത് പാലിക്കാത്ത തൊഴിലുടമകളിൽനിന്ന് നിയമിക്കപ്പെടേണ്ട ഓരോ സ്വദേശിക്കും 250 റിയാൽമുതൽ 500 റിയാൽവരെ പിഴ ചുമത്താമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇവർ ആറുമാസത്തിനുള്ളിൽ നിയമാനുസൃതമുള്ള സ്വദേശിവൽക്കരണതോത് പാലിക്കണം. നിയമലംഘനം ആവർത്തിക്കുന്നപക്ഷം പിഴ ഇരട്ടിയാക്കും. നിയമാനുസൃതം സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ കമ്പനികൾ വേഗത്തിലാക്കാൻ ലക്ഷ്യമിട്ടാണിത്.

199 കമ്പനികൾക്കെതിരെ സ്വീകരിച്ച നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാൽ, ഇവർ സ്വദേശിവൽക്കരണം പാലിക്കുന്നത് വൈകിയാൽ വിസ റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്തെ സ്വദേശിവൽക്കരണ നടപടികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. സർവകലാശാല ബിരുദധാരികൾ, ഡിപ്ലോമക്കാർ എന്നിവർക്ക് ജോലി ലഭ്യമാക്കുകയാണ് രണ്ടാംഘട്ടത്തിൽ മുൻഗണന. മന്ത്രിസഭാ കൗൺസിലിന്റെ നിർദേശപ്രകാരം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഡിസംബറിൽ തുടങ്ങിയ മൂന്നുമാസം നീണ്ട ആദ്യഘട്ടത്തിൽ 13,500 പേർക്ക് തൊഴിൽ ലഭ്യമാക്കി. മേയിൽ അവസാനിക്കുന്ന രണ്ടാംഘട്ടത്തിൽ എല്ലാവർക്കും ജോലി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.

ഇതിനായി വിവിധ മേഖലയിലെ 218 തൊഴിലവസരങ്ങൾ സംബന്ധിച്ച പട്ടിക മാൻപവർ രജിസ്ട്രി പൊതു അതോറിറ്റി പ്രസിദ്ധീകരിച്ചു..

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top