19 November Monday

കല കുവൈറ്റ് മാതൃഭാഷാ പഠന ക്ലാസ്സുകൾ ജൂൺ രണ്ടാം വാരത്തിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ്  നടത്തി വരുന്ന ഏറ്റവും വലിയ സാംസ്കാരിക ദൗത്യമായ സൗജന്യ മാതൃഭാഷ പഠന പദ്ധതിയുടെ ഈ വർഷത്തെ ക്ലാസുകൾ ജൂൺ രണ്ടാം വാരം ആരംഭിക്കുന്നു. കഴിഞ്ഞ  28   വർഷമായി ഫ്‌ളാറ്റുകളും സ്‌കൂളുകളും കേന്ദ്രീകരിച്ച് കല നടത്തി വന്നിരുന്ന  ഈ സാംസ്കാരിക പ്രവർത്തനത്തിന് ഇന്ന് പുതിയ മാനം കൈ വന്നിരിക്കുകയാണ്. കഴിഞ്ഞ വർഷം മുതൽ കേരള സര്ക്കാരിന്റെ മലയാളം മിഷനുമായി ചേർന്നാണ് കലയുടെ മാതൃഭാഷാ പഠന പ്രവർത്തനങ്ങൾ നടക്കുന്നത്.

'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യത്തോടെ കേരള സർക്കാർ രൂപീകരിച്ച മലയാളം മിഷന്റെ പ്രവർത്തനങ്ങൾ ഗൾഫ് നാടുകളിലെല്ലാം സജീവമായിട്ടുണ്ട്. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി തുടങ്ങി നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത് . നാല് പരീക്ഷകളും വിജയിക്കുന്ന പക്ഷം പത്താം  ക്ലാസ്സ് തത്തുല്യ സർട്ടിഫിക്കറ്റാണ് വിദ്യാർത്ഥിക്ക് ലഭിക്കുക.

ആദ്യഘട്ടമായ കണിക്കൊന്നയുടെ പരീക്ഷ വിജയകരമായി നടത്തുവാൻ മലയാളം മിഷൻ കുവൈത്ത് ചാപ്റ്ററിനു സാധിച്ചു. മാതൃഭാഷ പഠന ക്ലാസ്സുകളില്‍ പുതിയതായി ചേരുന്ന പഠിതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്സ് കണിക്കൊന്നയിലേക്കും, കണിക്കൊന്ന പരീക്ഷ വിജയകരമായി പൂര്‍ത്തികരിച്ചവര്‍ക്കായി സൂര്യകാന്തി ഡിപ്ലോമ കോഴ്സിലേക്കും രെജിസ്റ്റർ ചെയ്യാം. സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റ് നേടുന്നതിനുള്ള ഒരു സുവർണാവസരമാണിത്. നാട്ടിൽ വിദ്യാഭ്യാസം തുടരേണ്ടി വരുന്ന കുട്ടികൾക്ക് ഭാവിയിൽ ഇത് ഏറെ പ്രയോജനപ്രദമായിരിക്കുമെന്നും, ഈ അവസരം പരമാവധി വിനിയോഗിക്കണമെന്നും കല കുവൈറ്റ് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

സജീവ് എം.ജോർജ്ജ് ജനറൽ കൺവീനറും, ഷാജു വി.ഹനീഫ് കൺവീനറുമായുള്ള  സമിതിയാണ് മാതൃഭാഷാ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 4 മേഖലകളിലും മേഖലാ സമിതികൾ രൂപീകരിച്ചാണ് പ്രവർത്തനം നടക്കുന്നത്. അനീഷ്‌ കല്ലുങ്കല്‍ (അബ്ബാസിയ), മണിക്കുട്ടന്‍ (അബുഹലീഫ), സജീവ്‌ എബ്രഹാം (ഫഹാഹീൽ), ജോര്‍ജ്ജ് തൈമ്മണ്ണില്‍ (സാൽമിയ) എന്നിവരാണ് മേഖലാ കൺവീനർമാർ.

പഠന പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക്  കല കുവൈറ്റ് വെബ്‌സൈറ്റായ www.kalakuwait.com  വഴി രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സാംസ്കാരിക പ്രവർത്തനത്തിൽ  പങ്കാളികളാകുവാൻ താല്പര്യമുള്ള  അദ്ധ്യാപകരും, രക്ഷിതാക്കളും താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

അബ്ബാസിയ – 69330304, 5029 2779, 24317875, അബുഹലീഫ – 5135 8822, 6008 4602, ഫഹഹീല്‍ 6509 2366, 9734 1639, സാല്‍മിയ    6673 6369, 6628 4396 

പ്രധാന വാർത്തകൾ
Top