24 September Monday

അബുദാബി ബിഗ് ടിക്കറ്റില്‍ 23 കോടിരൂപ മലയാളിക്ക്

അനസ് യാസിന്‍Updated: Monday Sep 3, 2018

മനാമ > അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ കോടീശ്വരൻമാരായി വീണ്ടും മലയാളികൾ. തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിൽ തൊടുപുഴ സ്വദേശി അജ്മാനിൽ താമസിക്കുന്ന ജോർജ് മാത്യു എടുത്ത ടിക്കറ്റിന് 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) സമ്മാനം ലഭിച്ചു. തിങ്കളാഴ‌്ച ബിഗ്ടിക്കറ്റ് നറുക്കെടുപ്പിലെ എല്ലാ സമ്മാനവും നേടിയത് ഇന്ത്യക്കാരാണ്.

തിങ്കളാഴ്ച രാവിലെ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലാണ് നറുക്കെടുപ്പ് നടന്നത്. ദുബായിൽനിന്ന് പ്രസിദ്ധീകരിക്കുന്ന പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗൾഫ് ന്യൂസിന്റെ പ്രിന്റിങ് പ്രസിൽ പ്രൊഡക‌്ഷൻ ഓഫീസറാണ് ജോർജ് മാത്യു. ഇദ്ദേഹവും അഞ്ചു സുഹൃത്തുക്കളും ചേർന്നാണ് ടിക്കറ്റെടുത്തതെന്ന് റിപ്പോർട്ടുണ്ട്.

ഇതോടെ ബിഗ് ടിക്കറ്റ് ചരിത്രത്തിൽ ഏറ്റവും വലിയ തുക സമ്മാനമായി ലഭിച്ചവരെല്ലാം മലയാളികളായി. ഇതു മൂന്നാം തവണയാണ് ഇത്രയും വലിയ തുക ബിഗ് ടിക്കറ്റിൽ സമ്മാനമായി നൽകുന്നത്. ജനുവരിയിൽ നടന്ന ആദ്യ നറുക്കെടുപ്പിൽ ആലപ്പുഴ സ്വദേശി ഹരികൃഷ്ണനാണ് 12 ദശലക്ഷം ദിർഹം സമ്മാനം ലഭിച്ചത്. ഏപ്രിലിൽ നടന്ന രണ്ടാമത്തെ നറുക്കെടുപ്പിൽ ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ജോൺ വർഗീസിനും സമാനമായ തുക സമ്മാനം അടിച്ചു. മറ്റു മൂന്നു മലയാളികളോടൊപ്പമായിരുന്നു ടിക്കറ്റെടുത്തത്. ഇന്ത്യൻ രൂപയിൽ കണക്കാക്കിയാൽ ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ തുകയാണ് ജോർജ് മാത്യുവിന് അടിച്ചത്.

ജോർജ് മാത്യുവിനെ കൂടാതെ നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാർക്കാണ് തിങ്കളാഴ്‌ച സമ്മാനം ലഭിച്ചത്. സുൾഫിക്കറലി പാലശ്ശേരി (ഒരു ലക്ഷം ദിർഹം), കൈതാരത്ത് ജോസഫ് ഫ്രാൻസിസ് (80,000 ദിർഹം), അബ്ദുൽ സലീൽ ചിറക്കണ്ടത്തിൽ (70,000 ദിർഹം), ഓമനക്കുട്ടൻ നാരായണൻ (50,000 ദിർഹം) എന്നിവരാണ് സമ്മാനം ലഭിച്ച മലയാളികൾ.


പ്രധാന വാർത്തകൾ
Top