15 November Thursday

പ്രവാസികൾക്ക് വൻ തിരിച്ചടി; വിപണന മേഖലയിലും സൗദിവൽക്കരണം

അനസ് യാസിൻUpdated: Thursday Feb 1, 2018

മനാമ > സൗദിയിൽ വിപണന മേഖലയിലെ 12 തൊഴിലുകൾ പൂർണമായി സ്വദേശിവൽക്കരിക്കുന്നു. സെപ്തംബർ 11 മുതൽ മൂന്നു ഘട്ടമായാണ് സൗദിവൽക്കരണം നടപ്പാക്കുകയെന്ന് തൊഴിൽമന്ത്രാലയ വക്താവ് ഖാലിദ് അബ്ൽഖൈൽ വ്യക്തമാക്കി. ഇതോടെ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് വിദേശികൾക്ക് പൂർണ വിലക്കാകും. പതിനായിരക്കണക്കിന് മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശികൾക്ക് തൊഴിൽ നഷ്ടപ്പെടും.

കാർബൈക്ക് ഷോറൂം, റെഡിമെയ്‌ഡ് വസ്ത്രവിപണനകേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രവിൽപനശാല, പുരുഷന്മാർക്കുള് ഉൽപ്പന്നവിപണനകേന്ദ്രങ്ങൾ, ഫർണിച്ചർ, പാത്രക്കട എന്നീ മേഖലകളിൽ സെപ്തംബർ 11 മുതൽ സമ്പൂർണ സൗദിവൽക്കരണം നിലവിൽ വരും. വാച്ച്, കണ്ണട, ഇലക്ട്രിക്കൽഇലക്‌ട്രോണിക്‌സ് ഉൽപ്പന്നങ്ങൾ എന്നിവ വിൽക്കുന്ന കടകളിൽ നവംബർ ഒമ്പതു മുതലാണ് നിർബന്ധിത സൗദിവൽക്കരണം. മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, സ്‌പെയർ പാർട്‌സ്, കെട്ടിട നിർമാണ വസ്തുക്കൾ, കാർപെറ്റ്, ചോക്കലേറ്റ്പലഹാരക്കട എന്നീ സ്ഥാപനങ്ങളിൽ 2019 ജനുവരി ഏഴു മുതലാണ് പൂർണ സ്വദേശിവൽക്കരണം.

സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മാനിരക്ക് 12.8 ശതമാനമായി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് മന്ത്രാലയ വക്താവ് വിശദീകരിച്ചു. സ്വദേശി പുരുഷന്മാർക്കും സ്ത്രീകൾക്കും സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിൽ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമമന്ത്രി  വ്യക്തമാക്കി.

ഇത്രയും മേഖലകളിൽ ഒറ്റയടിക്ക് സമ്പൂർണ സ്വദേശിവൽക്കരണം നിർബന്ധിതമാക്കുന്നത് സൗദിയിൽ ആദ്യമാണ്. പ്രവാസി മലയാളികൾ വൻതോതിൽ തൊഴിലെടുക്കുന്ന മേഖലയാണ് വ്യാപാര സ്ഥാപനങ്ങൾ. സ്വകാര്യ മേഖലയിൽ സെയിൽസ്മാന്മാരായി മൂന്നുലക്ഷത്തിലേറെ വിദേശികൾ ജോലി ചെയ്യുന്നതായാണ് ഔദ്യോഗിക കണക്ക്. സെയിൽസ്മാൻമാരിൽ 57.6 ശതമാനം വിദേശികളാണ്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top