24 September Monday

കുവൈറ്റില്‍ പുതിയ രണ്ടു റിഫൈനറി കൂടി

വെബ് ഡെസ്‌ക്‌Updated: Thursday Apr 19, 2018

കുവൈറ്റ്‌ ഓയില്‍ ആന്‍റ് ഗ്യാസ് ടീം പ്രതിനിധികള്‍ കെഎന്‍പിസി സിഇഓ മുഹമ്മദ്‌ ഖാസി അല്‍ മുതൈരിക്കൊപ്പം

കുവൈറ്റ്‌ സിറ്റി > രാജ്യത്ത് രണ്ടു പുതിയ എണ്ണ ശുദ്ധീകരണശാല കൂടി നിര്‍മ്മിക്കാന്‍ കുവൈറ്റ്‌ ഒരുങ്ങുന്നു. പ്രതിദിനം മൂന്ന്‍ ലക്ഷം ബാരല്‍ ഉത്പാദന ശേഷിയുള്ള റിഫൈനറിയാണ് കുവൈറ്റ്‌ ലക്ഷ്യമാക്കുന്നത്.

2035 ആകുമ്പോഴേക്ക് പ്രതിദിനം രണ്ട് മില്ല്യന്‍ ഉത്പാദന ശേഷി എന്ന നേട്ടം കൈവരിക്കുകയാണ് തങ്ങള്‍ ലക്ഷ്യമാക്കുന്നതെന്നും കുവൈറ്റ്‌ നാഷണല്‍ പെട്രോളിയം കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ്‌ ഖാസി മുതൈരി പറഞ്ഞു. ഓയില്‍ ആന്‍റ് ഗ്യാസ് പദ്ധതിയുടെ പ്രത്യേക പ്രൊജക്റ്റ്‌ ടീം ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്ള ഫഹദ് അല്‍അജ്മിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ്  മുഹമ്മദ്‌ ഖാസി മുതൈരി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം പൂർത്തിയായിക്കൊണ്ടിരിക്കുന്ന വലിയ പദ്ധതികളില്‍ ഒന്നായ ക്ലീന്‍ ഫ്യുവല്‍ പ്രൊജക്റ്റ്‌ 94 ശതമാനവും നിര്‍മ്മാണം പൂർത്തീകരിച്ചതായും കമ്പനി പ്രതിനിധികള്‍ പറഞ്ഞു.

കുവൈറ്റ്‌ പെട്രോളിയം കോർപ്പറേഷന്റെ ഉപസ്ഥാപനമായ കുവൈറ്റ്‌ പെട്രോളിയം ഇന്റര്‍നാഷണലിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒമാന്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലെ റിഫൈനറികളുടെ ഉദ്ഘാടനവും ഏപ്രിൽ മെയ് മാസങ്ങളിലായി നടക്കുമെന്നും ഇന്ത്യയിലും മുതല്‍മുടക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും കുവൈറ്റ്‌ പെട്രോളിയം ഇന്റര്‍നാഷണല്‍ സിഇഓ നബീല്‍ എം ബൌറിസ്ലി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top