14 December Friday

വിരമിച്ച പ്രവാസികള്‍ക്ക് യുഎഇയില്‍ തങ്ങാന്‍ പ്രത്യേക വിസ; നിയമം 2019 ല്‍ പ്രബല്യത്തില്‍ വരും

അനസ് യാസിന്‍Updated: Wednesday Sep 19, 2018

മനാമ >  പ്രായപരിധി പൂര്‍ത്തിയായി വിരമിച്ച ശേഷവും വിദേശികള്‍ക്കു രാജ്യത്ത് തങ്ങാനായി പ്രത്യേക വിസ നല്‍കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. നിശ്ചിത ഉപാധികളോടെ അഞ്ചു വര്‍ഷത്തേക്കുള്ള വിസയായിരിക്കും അനുവദിക്കുക. ഏതാനും മാസമായി നടപ്പാക്കിവരുന്ന വിസ മാറ്റത്തിന്റെ തുടര്‍ച്ചയായാണ് പുതിയ തീരുമാനം.

ദീര്‍ഘകാല വിസ അനുവദിക്കുന്ന നിയമം 2019ല്‍ പ്രാബല്യത്തില്‍ വരും. അപേക്ഷകന് യുഎഇയില്‍ 20 ലക്ഷം ദിര്‍ഹം മൂല്യമുള്ള ഭൂനിക്ഷേപമോ പത്തു ലക്ഷം ദിര്‍ഹമില്‍ കുറയാത്ത ബാങ്ക് നിക്ഷേപമോ അതുമല്ലെങ്കില്‍ പ്രതിമാസം 20,000 ദിര്‍ഹമില്‍ കുറയാത്ത വരുമാനമോ ഉണ്ടായിരിക്കണം.

യുഎഇയില്‍ 55 വയസ് പിന്നിട്ട് വിരമിച്ചശേഷം കൂടുതല്‍ കാലം തങ്ങണമെന്ന് ആഗ്രഹമുള്ള പ്രവാസികള്‍ക്ക് ഈ വ്യവസ്ഥകള്‍ പാലിക്കുന്ന പക്ഷം അഞ്ചു വര്‍ഷ വീസ അനുവദിക്കും. ഈ വിസ പുതുക്കാനാകും. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബയ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് തീരുമാനം പ്രഖ്യാപിച്ചത്.

ഇതടക്കം വിദേശ തൊഴിലാളികള്‍ക്ക് ഗുണകരമാകുന്ന ഏഴ് വിസാ ഇളവുകളാണ് യുഎഇ ഈ വര്‍ഷം പ്രഖ്യാപിക്കുന്നത്. ഭര്‍ത്താവിന്റെ വിസാ കലാവധിയില്‍ നില്‍ക്കെ വിധവകളാകുന്നവരുടെയും വിവാഹ മോചിതരാകുന്ന സ്ത്രീകളുടെയും വിസാ കാലാവധി ഒരു വര്‍ഷത്തേക്കു നീട്ടി നല്‍കുന്ന നിയമം ഇതില്‍ പ്രധാനമാണ്.

സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളി വിസക്ക് 3,000 ദിര്‍ഹം വീതം കെട്ടിവെക്കണമെന്ന വ്യവസ്ഥ ഒിവാക്കി പകരം ഓരോ തൊഴിലാളിക്കും 60 ദിര്‍ഹം വാര്‍ഷിക ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. തൊഴില്‍ തേടി യുഎഇയിലെത്തി വിസ കാലാവധി കഴിഞ്ഞവര്‍ക്കായി ആറു മാസം ദൈര്‍ഘ്യമുള്ള വിസ അനുവദിക്കും. വിസ പുതുക്കാന്‍ രാജ്യത്തിനു പുറത്തു പോകേണ്ട. യുഎഇയിലെത്തുന്ന ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് 48 മണിക്കൂറിനു സമയത്തേക്കുള്ള എന്‍ട്രി ഫീസ് ഒഴിവാക്കി. ഇവര്‍ 50 ദിര്‍ഹം അധികം അടച്ചാല്‍ ട്രാന്‍സിസ്റ്റ് വീസ 96 മണിക്കൂര്‍ വരെ നീട്ടി നല്‍കും. വിദേശ വിദ്യാര്‍ത്ഥികളുടെ സര്‍വകലാശാല പഠനത്തിനു ശേഷം അവരുടെ ആശ്രിതരായ രക്ഷിതാക്കളുടെ റെസിഡന്‍സി കാലാവധി രണ്ടു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കും. ഈ വര്‍ഷം അവസാന പാദത്തില്‍ ഇവ പ്രാബല്യത്തില്‍ വരും. ഡോക്ടര്‍, എന്‍ജിനീയര്‍, ശാസ്ത്ര സങ്കേതിക വിദഗ്ധര്‍ എന്നീ പ്രൊഫഷനുകളില്‍ 10 വര്‍ഷം കാലാവധിയുള്ള വിസയും വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു വര്‍ഷം കാലാവിധയുള്ള വിസയും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top