22 November Thursday

അബുദാബിയില്‍ മലയാളം മിഷന്‍ മലയാളം പഠന ക്ലാസിന്റെ ഉദ്ഘാടനം 28ന്

വെബ് ഡെസ്‌ക്‌Updated: Saturday May 26, 2018
അബുദാബി> മലയാളം മിഷന്‍ പാഠ്യപദ്ധതിയുടെ ഭാഗമായി അബുദാബി മേഖലയുടെ കീഴിലുള്ള സൗജന്യ മലയാളം പഠന ക്ലാസിന്റെ ഉദ്ഘാടനം മെയ്  28, തിങ്കളാഴ്ച വൈകീട്ട് 9 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന സന്ദേശവുമായി ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് മാതൃഭാഷാ പഠനത്തിന് അവസരം ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലയാളം മിഷന്‍. 

പ്രവേശനോത്സവം എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഉദ്ഘാടന പരിപാടിയില്‍ നിലവിലെ സൗജന്യ മലയാളം പഠനക്ലാസിലെ വിദ്യാര്‍ഥികളും വിവിധ കേന്ദ്രങ്ങളിലായി പുതുതായി പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇരുനൂറോളം കുട്ടികളും മലയാളം മിഷന്റെ പരിശീലനം സിദ്ധിച്ച അധ്യാപകരും പങ്കെടുക്കും. 

അബുദാബി മേഖലയുടെ കീഴില്‍ തുടക്കമെന്ന നിലയ്ക്ക് ഇന്ത്യാ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍, അബുദാബി കേരള സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്. തുടങ്ങി അബുദാബിയിലേയും മുസഫയിലേയും വിവിധ കേന്ദ്രങ്ങളിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സര്‍ട്ടീഫിക്കറ്റോടു കൂടിയുള്ള സൗജന്യ മലയാള ഭാഷാ പഠനക്ലാസ് നടത്താനുദ്ദേശിക്കുന്നത്. 

അധികം വൈകാതെ തന്നെ സൗകര്യപ്രദമായ മറ്റു മേഖലകളിലേയ്ക്കും മലയാളം മിഷന്റെ സൗജന്യ പഠനക്ലാസ് വ്യാപിപ്പിക്കും. പഠനക്ലാസില്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കുവാന്‍ താത്പര്യമുള്ളവര്‍ എത്രയും വേഗം 02 6314455/ 02 5537600 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

പ്രധാന വാർത്തകൾ
Top