21 November Wednesday

പ്രവാസി ചിട്ടി: രജിസ്റ്റർ ചെയ‌്തത‌് 10010 പേർ

ജി രാജേഷ‌് കുമാർUpdated: Sunday Nov 11, 2018

തിരുവനന്തപുരം
രണ്ടാഴ‌്ചയ‌്ക്കുള്ളിൽ കെഎസ‌്എഫ‌്ഇ പ്രവാസി ചിട്ടിയിൽ രജിസ്റ്റർ ചെയ‌്തത‌് 10010 പേർ. കെവൈസി (നിങ്ങളുടെ കസ്റ്റമറെ തിരിച്ചറിയുക) മാനദണ്ഡങ്ങളെല്ലാം പൂർത്തീകരിച്ചാണ‌് ഇവർ ചിട്ടിയിലേക്ക‌് രജിസ്റ്റർ ചെയ‌്തത‌്. ഇതിൽ 1610 പേർ ഇപ്പോൾത്തന്നെ ചിട്ടിയിൽ വരിക്കാരായി ചേർന്ന‌് പണമടച്ചുതുടങ്ങി. ഇത്തരത്തിൽ ആരംഭിച്ച 46 ചിട്ടികളിലായി 1.99 കോടി രൂപ ശനിയാഴ‌്ചവരെ കെഎസ‌്എഫ‌്ഇ അക്കൗണ്ടിലേക്ക‌് എത്തിക്കഴിഞ്ഞു. ഒരുലക്ഷം മുതൽ 10 ലക്ഷം രൂപവരെ സല വരുന്ന ചിട്ടികളാണിവ. ഈ ചിട്ടികളുടെ ലേലം ഈ മാസം അവസാനവാരം നടത്താനാണ‌് തീരുമാനം.

ഒക്ടോബർ 25ന‌് ആരംഭിച്ച പ്രവാസി ചിട്ടി രജിസ‌്ട്രേഷനിൽ നിലവിൽ യുഎഇയിലുള്ള പ്രവാസികൾക്കുമാത്രമാണ‌് ചേരാൻ അവസരമൊരുക്കിയിട്ടുള്ളത‌്. അടുത്ത ഘട്ടത്തിൽ കുവൈത്ത‌്, ഖത്തർ, ബഹ‌്റൈൻ, സൗദി അറേബ്യ, ഒമാൻ തുടങ്ങിയ ജിസിസി രാജ്യങ്ങളിലെ പ്രവാസികൾക്കും ചിട്ടിയിൽ ചേരാനുള്ള സൗകര്യമാെരുക്കും. രണ്ട‌് വർഷത്തിനുള്ളിൽ ഒരുലക്ഷം പേരെ ചിട്ടിയിൽ അംഗങ്ങളാക്കുകയാണ‌് കെഎസ‌്എഫ‌്ഇ ലക്ഷ്യമിടുന്നത‌്. നിലവിൽ ഫെഡറൽ ബാങ്ക‌്, സൗത്ത‌് ഇന്ത്യൻ ബാങ്ക‌്, യൂണിയൻ ബാങ്ക‌് എന്നിവ വഴി പ്രവാസി ചിട്ടിയിലെ പണമിടപാടുകൾ നടത്താനാകും. കൂടുതൽ ബാങ്കുകളുമായും മണി എക‌്സ‌്ചേഞ്ച‌് സ്ഥാപനങ്ങളുമായും കെഎസ‌്എഫ‌്ഇ ചർച്ച നടത്തുന്നു. ജിസിസി രാജ്യങ്ങളിലേക്കെല്ലാം ചിട്ടി വരി ചേർക്കൽ ആരംഭിക്കുന്നതോടെ കൂടുതൽ ധനകാര്യസ്ഥാപനങ്ങളെ പദ്ധതിയുടെ ഭാഗമാക്കാനുള്ള നടപടികളാണ‌് കെഎസ‌്എഫ‌്ഇ സ്വീകരിക്കുന്നത‌്.

വരിക്കാർക്കായി വിപുലമായ സൗകര്യങ്ങൾ
തിരുവനന്തപുരം
ചിട്ടി നടപടികളുമായി ബന്ധപ്പെട്ട വിവിധ സഹായങ്ങൾക്കും സംശയ നിവാരണത്തിനുമായി വിപുലമായ സൗകര്യമാണ‌് കെഎസ‌്എഫ‌്ഇ ഒരുക്കിയിട്ടുള്ളത‌്. പദ്ധതി നടപ്പാക്കുന്ന രാജ്യങ്ങളിൽ പ്രത്യേക ഓഫീസുകളൊന്നും തുറന്നിട്ടില്ലെങ്കിലും തിരുവനന്തപുരത്തെ വ‌്വർച്ചൽ ഓഫീസാണ‌് എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത‌്. ഒരു കെഎസ‌്എഫ‌്ഇ ശാഖയിൽനിന്ന‌് ലഭിക്കുന്ന എല്ലാ സഹായങ്ങളും ഓൺലൈൻ മുഖേന  ഇവിടെനിന്ന‌് ലഭ്യമാണ‌്. രാവിലെ എട്ടുമുതൽ പുലർച്ചെ 12.30 വരെ 0471 6661888, 0471 4449111 എന്നീ ഫോൺ നമ്പരുകളിൽ എല്ലാവിധ സംശയനിവൃത്തിക്കും സൗകര്യമുണ്ട‌്.

9447097907 എന്ന ഫോൺ നമ്പരിൽ വാട‌്സാപ‌് സൗകര്യവുമൊരുക്കിയിട്ടുണ്ട‌്. pravasi.ksfe.com എന്ന വെബ‌്സൈറ്റിൽ ചാറ്റ‌് ഏജൻറ‌്സിന്റെ സേവനവും ലഭ്യമാണ‌്. രജിസ‌്ട്രേഷന്റെ വിവിധ ഘട്ടങ്ങളിൽ നിൽക്കുന്നവർക്ക‌് തുടർ നടപടികളിൽ ഏജന്റുമാരുടെ അങ്ങോട്ട‌് ബന്ധപ്പെട്ടും സേവനം ലഭ്യമാ
ക്കുന്നു.

ചിട്ടികൾക്ക‌് ഇൻഷുറൻസ‌് പരിരക്ഷയും
തിരുവനന്തപുരം
പ്രവാസി ചിട്ടിയിലെ പത്തുലക്ഷം വരെയുള്ള ചിട്ടികൾക്ക‌് ഇൻഷുറൻസ‌് പരിരക്ഷയുണ്ടാകും. ചിട്ടി നടത്തിപ്പിനിടയിൽ ഉപയോക്താവായ പ്രാവസി മരണപ്പെടുകയോ തൊഴിലെടുക്കാൻ സാധിക്കാത്ത നിലയിൽ പരിപൂർണ അംഗഭംഗമോ സംഭവിച്ചാൽ അവശേഷിക്കുന്ന തുകയുടെ ബാധ്യതയ‌്ക്ക‌് ഇൻഷുറൻസ‌് പരിരക്ഷ ലഭിക്കും. വരിക്കാരൻ മരണപ്പെട്ടാൽ മൃതദേഹം നാട്ടിലേക്ക‌് എത്തിക്കാൻ വിമാനച്ചെലവും മൃതശരീരത്തെ അനുയാത്രചെയ്യുന്ന ഒരു സഹായിയുടെ വിമാനച്ചെലവും കെഎസ‌്എഫ‌്ഇ വഹിക്കും. എൽഐസി, സംസ്ഥാന ഇൻഷുറൻസ‌് വകുപ്പ‌് എന്നിവയുമായി ചേർന്നാണ‌് ഈ ആനുകൂല്യങ്ങൾ ലഭ്യമാക്കിയിട്ടുള്ളത‌്. ചിട്ടിയിൽ ചേരുന്ന ആൾക്ക‌് തന്റെ നിക്ഷേപ നാട്ടിലെ ഏതെങ്കിലും ഒരു വികസനപദ്ധതിക്കായി പ്രയോജനപ്പെടുത്താനുള്ള അവസരവുമുണ്ടാകും. ഇതിലൂടെ പ്രവാസിക്ക‌് ഒരു സാമ്പത്തികനഷ്ടവുമില്ലാതെ തന്റെ നാടിന്റെ വികസന പദ്ധതിയിൽ പാങ്കാളിയാകാനാകും. പദ്ധതി നിർദേശിക്കാനുള്ള അവകാശവും വരിക്കാരനാണ‌്. കിഫ‌്ബി പദ്ധതികളിലായിരിക്കും നിക്ഷേപം നടത്തുക.


പ്രധാന വാർത്തകൾ
Top