23 April Monday

മന്ത്രി എത്തിയിട്ടും പ്രശ്‌നപരിഹാരമായില്ല; ഖറാഫി നാഷണല്‍ തൊഴിലാളികള്‍ ദുരിതത്തില്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 12, 2018

കുവൈറ്റ് സിറ്റി > കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ശമ്പളവും ഭക്ഷണവും മറ്റുള്ള തൊഴില്‍ അവകാശങ്ങളും നിഷേധിക്കപ്പെട്ട് കടുത്ത ദുരിതത്തില്‍ കഴിഞ്ഞു വന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിംഗിന്റെ സന്ദര്‍ശനവും ഉദ്ദേശിച്ച ഫലം കാണാതെ പോകുന്നു. കുവൈറ്റിലെ ഖറാഫി നാഷണല്‍ കമ്പനിയിലെ തൊഴിലാളികളുടെ ദുരിതത്തിന്നാണ് അറുതിയാവത്തത്.

കഴിഞ്ഞ രണ്ടു ദിവസമായി കുവൈറ്റ് സന്ദര്‍ശനത്തിലുള്ള മന്ത്രി, വിഷയങ്ങള്‍ കുവൈറ്റ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് തന്നെ കാത്ത് നിന്ന തൊഴിലാളികളോടും പിന്നീട് ഇന്ത്യന്‍ എംബസി വിളിച്ചു ചേര്‍ത്ത യോഗത്തിലും പറഞ്ഞത്. ഇന്ത്യന്‍ എംബസി പരിസരത്തു തടിച്ചുകൂടിയ ഖരാഫി നാഷണല്‍ തൊഴിലാളികളോടും ഇവര്‍ താമസിക്കുന്ന ക്യാമ്പും മന്ത്രി സന്ദര്‍ശിച്ചു.


പലരും കടുത്ത വിഷമത്തോടെയാണ് തങ്ങളുടെ ദുരിതങ്ങള്‍ മന്ത്രിയോട് വിശദീകരിച്ചത്. നാല് മാസം മുന്‍പ് കുവൈറ്റിലെത്തിയ കേന്ദ്ര മന്ത്രി എം.ജെ.അക്ബറിനോടും തൊഴിലാളികള്‍ തങ്ങളുടെ പ്രശങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ഒരു ഫലവും കാണാതെ പോകുകയായിരുന്നു. അത് തന്നെയായിരിക്കുമോ താങ്കളുടെ സന്ദര്‍ശനം അവസാനിക്കുമ്പോഴും ഉണ്ടാകുക എന്നും തൊഴിലാളികള്‍ മന്ത്രിയോട് ചോദിക്കുകയും ചെയ്തു.

മാത്രവുമല്ല, താമസ സൌകര്യവും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം ചെയ്യാന്‍ കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെടുകയാണ് കമ്മ്യൂണിറ്റി യോഗത്തില്‍ വി.കെ.സിംഗ് ചെയ്തത്. എന്നാല്‍ പിന്നീട് ഇടപെട്ട് സംസാരിച്ച ചില സംഘടനാ പ്രതിനിധികള്‍ മന്ത്രിയും മറ്റും ആവശ്യപ്പെടുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ഇടപെടലും സഹായങ്ങളും ചെയ്തുവരുന്നതായി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെയും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെയും ഇടപെടലാണ് അടിയന്തിരമായി ഉണ്ടാവേണ്ടതെന്നും സംഘടനാ പ്രതിനിധികള്‍ മന്ത്രിയോട് പറഞ്ഞു.


തൊഴിലാളികള്‍ക്ക് കിട്ടാനുള്ള ആനുകൂല്യങ്ങള്‍ കിട്ടുമോ എന്ന് ഉറപ്പ് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ തിരിച്ച് നാട്ടിലേക്ക് പോകാനാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാമെന്നു മാത്രമാണ് മന്ത്രി പറഞ്ഞുവെച്ചത്. എംബസിയില്‍ ചേര്‍ന്ന കമ്മ്യൂണിറ്റി മീറ്റിങ്ങില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ ജീവസാഗറും പങ്കെടുത്തു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top