12 December Wednesday

കേളി ഫുട്ബോള്‍: റയല്‍ മാഡ്രിഡ് അക്കാദമിയുമായി ധാരണാപത്രം ഒപ്പുവച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

റിയാദ് > ഒന്‍പതാമത് കേളി ഫുടബോള്‍ ടൂര്‍ണ്ണമെന്റിന്റെ വേദിയടക്കടക്കമുള്ള അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ടൂര്‍ണ്ണമെന്റ് സംഘാടക സമിതി സൗദിയിലെ റയല്‍ മാഡ്രിഡ് അക്കാദമിയുമായി ധാരണയായി. മത്സരങ്ങള്‍ക്കായി സ്റ്റേഡിയം വിട്ടുനല്‍കുക, മറ്റു സാങ്കേതിക സൗകര്യങ്ങള്‍ നല്‍കുക എന്നീ കാര്യങ്ങളിലാണ് പ്രാഥമികമായി ധാരണയിലെത്തിയത്. റിയാദിലെ റയല്‍ മാഡ്രിഡ് ഫൗണ്ടേഷന്‍ ആസ്ഥാനത്ത് നടന്ന ചര്‍ച്ചക്കൊടുവിലാണ് ധാരണാപത്രം ഒപ്പുവച്ചത്. റയല്‍ മാഡ്രിഡ് ഫൗണ്ടേഷന്‍ സി ഇ ഒ  അബ്ദുള്ള വഹീബിയും, ടൂര്‍ണ്ണമെന്റ് സമിതിക്ക് വേണ്ടി ചെയര്‍മാന്‍ റഷീദ് മേലേതിലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സംഘാടക സമിതി കണ്‍വീനര്‍ നൗഷാദ് കോര്‍മത്ത്, ട്രഷറര്‍ സുധാകരന്‍, ടെക്നിക്കല്‍ കണ്‍വീനര്‍ ഷറഫുദ്ദീന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.  

സെപ്തംബര്‍ 14ന് കിക്കോഫ് ചെയ്യുന്ന ടൂര്‍ണ്ണമെന്റില്‍ റിയാദ് ഇന്ത്യന്‍ ഫുടബോള്‍ അസോസിയേഷന്റെ ഭാഗമായ എട്ട് ടീമുകള്‍ ലീഗ് കം നോകൗട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരിക്കുകയെന്ന് റിഫ ഭാരവാഹികളുമായി നടന്ന പ്രാഥമിക ചര്‍ച്ചക്ക് ശേഷം സംഘാടകര്‍ പറഞ്ഞു. 

ടൂര്‍ണ്ണമെന്റിന്റെ മുന്നോടിയായി വാരാന്ത്യങ്ങളില്‍ റിയാദിലെ വിവിധ മേഖലകളില്‍ ഫുട്‌ബോള്‍ ഫാന്‍ ഫെസ്റ്റുകള്‍ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണപരിപാടികളോടെ റിയാദ് പ്രവിശ്യയിലെ മുഴുവന്‍ കാല്‍പ്പന്ത് പ്രേമികളെയും    ടൂര്‍ണ്ണമെന്റിലേക്ക് ആകര്‍ഷിക്കാനാകും എന്നാണ് കണക്കുകൂട്ടുന്നത്.

 

പ്രധാന വാർത്തകൾ
Top