25 September Tuesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: കല കുവൈറ്റ് മൂന്നാം ഗഡുവായ 20 ലക്ഷം രൂപ കൈമാറി; ഇത് വരെ നല്‍കിയത് 50 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

കുവൈറ്റ് സിറ്റി > കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍  (കല കുവൈറ്റ്) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്നാം ഗഡുവായ 20 ലക്ഷം രൂപ നല്‍കി. ചരിത്രത്തിലിതുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാലവര്‍ഷക്കെടുതി നേരിട്ട നാടിനെ പുനനിര്‍മ്മിക്കുന്നതിന് കല കുവൈറ്റ് ഇതുവരെ 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.

പ്രകൃതിക്ഷോഭവും, പ്രളയവും തകര്‍ത്ത നാടിനോടൊപ്പം നില്‍ക്കുക എന്ന ലക്ഷ്യത്തോടെ കല കുവൈറ്റ് ഏറ്റെടുത്ത ധനസമാഹരണത്തിന് കുവൈറ്റ് പൊതുസമൂഹത്തില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഓണാഘോഷം ഉള്‍പ്പടെയുള്ള പരിപാടികള്‍ ഒഴിവാക്കിയാണ് കല കുവൈറ്റ് ഫണ്ട് ശേഖരണത്തിന് ആഹ്വാനം ചെയ്തത്.ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം കലയുടെ നേതൃത്വത്തില്‍ നാലു മേഖലകളിലായി തുടരുകയാണ്. ഇതിനു പുറമെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് മുഖ്യമന്ത്രിയുടെ ആഹ്വാനവും കല കുവൈറ്റ് ഏറ്റെടുത്തിട്ടുണ്ട്.

ഒരു മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറായ കല അംഗങ്ങളില്‍ നിന്ന് ഗഡുക്കളായ് തുകകള്‍ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുക്കും. ലോകത്ത് എല്ലായിടത്തുമുള്ള മലയാളികള്‍ ഒന്നിച്ചു നിന്നാല്‍ ഏത് പ്രതിസന്ധിയേയും മറികടക്കാമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്, അംഗങ്ങളെയും താല്പര്യമുള്ള പൊതുജനങ്ങളെയും ഇതിന്റെ ഭാഗമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കല കുവൈറ്റിന്റെ നേതൃത്വത്തില്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top