15 November Thursday

സൗദിയില്‍ തൊഴില്‍ ഇടിവ്: പ്രതിദിനം 266 പ്രവാസി വനിതകള്‍ക്ക് ജോലി നഷ്ടമാകുന്നു

അനസ് യാസിന്‍Updated: Monday Jul 9, 2018


മനാമ
സൗദി അറേബ്യയിൽ വൻതോതിൽ പ്രവാസി വനിതകൾ ജോലി നഷ്ടപ്പെട്ട‌് പുറത്താകുന്നതായി റിപ്പോർട്ട്. ഈ വർഷം ആദ്യ പാദ കണക്കുകൾ പ്രകാരം പ്രതിമാസം 7,966 വിദേശ വനിതകൾ പുറത്തായി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിറ്റിക്‌സി (ഗാസ്റ്റാറ്റ്)ന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സർവേയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പ്രതിദിനം 266 പ്രവാസി വനിതകൾക്കാണ് തൊഴിൽ നഷ്ടമായത്.

സ്വകാര്യ, പൊതുമേഖലകളിൽനിന്നായി ഈ വർഷം ആദ്യ നാലു മാസത്തിനിടെ 2.34 ലക്ഷം വിദേശികൾക്ക‌് തൊഴിൽ നഷ്ടപ്പെട്ടു. പൊതു, സ്വകാര്യ മേഖലകളിലായി കഴിഞ്ഞവർഷം അവസാനപാദത്തിൽ 1,04,20,000 വിദേശ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിൽ ഈ വർഷം ആദ്യ പാദത്തിൽ അത് 1,01,80,000 ആയി കുറഞ്ഞു. അതേസമയം സൗദി തൊഴിലാളികളുടെയും എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷം അവസാന പാദം 31.6 ലക്ഷമായിരുന്നു തദ്ദേശീയർ. ഈ വർഷം ആദ്യ പാദത്തിൽ 31.5 ലക്ഷമായി കുറഞ്ഞു.

സൗദി തൊഴിൽ അന്വേഷകർ 1.33 ശതമാനമായി കുറഞ്ഞിട്ടുണ്ട്. സ്വകാര്യമേഖലയിൽ രണ്ടു വർഷത്തിനിടെ 8,10,000 വിദേശികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഈ വർഷം ആദ്യപാദ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ 77.1 ലക്ഷം വിദേശികൾ ജോലി ചെയ്യുന്നു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top