Top
20
Monday, November 2017
About UsE-Paper

ഇന്ത്യന്‍ സ്‌കൂള്‍ ഉറുദു ദിനം ആഘോഷിച്ചു

Tuesday Nov 14, 2017
വെബ് ഡെസ്‌ക്‌

മനാമ > ഇന്ത്യന്‍ സ്‌കൂള്‍ ഉറുദു ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ഉറുദു ദിനം വര്‍ണ ശബളമായ പരിപാടികളോടെ ആഘോഷിച്ചു. ഉറുദു അറബിക് ഭാഷാ പണ്ഡിതന്‍ മുഹമ്മദ് ശുഐബ് നിഗ്രാമി മുഖ്യാതിഥി ആയിരുന്നു. പ്രമുഖ ഉറുദു കവിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ നവാസ് ദയോബന്ദി,  ജി.ഐ.ഐ. സി ഐ ടി വിഭാഗം മുന്‍ തലവന്‍ മുഹമ്മദ് അന്‍വര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായും പങ്കെടുത്തു. സ്‌കൂള്‍ പ്രാര്‍ത്ഥന ഗീതത്തോടെയും ദേശീയഗാനത്തോടെയുമാണ് പരിപാടികള്‍ക്ക് തുടക്കമായത്.

വിദ്യാര്‍ത്ഥിനി റെദ സുഹൈല്‍ സ്വാഗതം പറഞ്ഞു. ഇന്ത്യന്‍ സ്‌കൂളിലെ ആറും ഏഴും എട്ടും ക്ളാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരാഴ്ച നീണ്ടുനിന്ന മത്സരങ്ങളുടെ സമാപനമായാണ് ഉറുദുദിനം ആഘോഷിച്ചത്. ഉറുദു പദ്യം ചൊല്ലല്‍,  കൂടാതെ ദേശീയ ഗാനാലാപനം,  ദേശഭക്തി ഗാനം, ലഘുനാടകം എന്നിവ അരങ്ങേറി . ഉറുദുദിന റിപ്പോര്‍ട്ട് അദ്ധ്യാപിക സമീന ഷെയ്ഖ് അവതരിപ്പിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യാതിഥി മുഹമ്മദ് ശുഐബ് നിഗ്രാമി  ഉറുദു പണ്ഡിതരുടെ സംഭാവനകളെ കുറിച്ച് സംസാരിച്ചു.

 ഉറുദു ദിനം വിപുലമായി സംഘടിപ്പിച്ച ഇന്ത്യന്‍ സ്‌കൂളിനെ അദ്ദേഹം അഭിനന്ദിച്ചു. ഉറുദു സ്‌നേഹത്തിന്റെ ഭാഷയാണെന്നു അദ്ദേഹം പറഞ്ഞു. ഗ്രഹിക്കാന്‍ എളുപ്പമുള്ള ഭാഷയാണ് ഉറുദുവെന്ന് തുടര്‍ന്ന് സംസാരിച്ച നവാസ് ദയോബന്ദി തന്റെ ഉറുദു കവിത അവതരിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ  ഖുര്‍ഷിദ് ആലം(അക്കാദമിക്‌സ് ), ജയഫര്‍ മൈദാനി (സ്‌പോര്‍ട്‌സ് )  എന്നിവര്‍ ആഘോഷ പരിപാടികളില്‍ സന്നിഹിതരായിരുന്നു. ഉറുദു ദിനം ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഖുര്‍ഷിദ് ആലം ആശംസ നേര്‍ന്നു.

ഇന്ത്യന്‍സ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി.ആര്‍ പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാര്‍,അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ ജേതാക്കള്‍ ഉറുദു പദ്യപാരായണം പ്രസംഗം എന്നിവ അവതരിപ്പിച്ചു. വകുപ്പ് മേധാവി ഇബ്ദുര്‍ റഹ്മാന്‍ മത്സര ഫലം പ്രഖ്യാപിച്ചു. ജേതാക്കള്‍ക്കു ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സാറ നന്ദി പറഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ ഉറുദു ദിന ആഘോഷ പരിപാടികളില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇതോടൊപ്പം സമര്‍പ്പിക്കുന്നു.