22 September Saturday

കേരളത്തിനു കൈത്താങ്ങാവാന്‍ പ്രവാസികളും; ഓണം ഈദ് ആഘോഷപരിപാടികള്‍ മാറ്റിവെച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

മനാമ > തോരാമഴതീര്‍ത്ത പ്രളയകെടുതിയില്‍ നിന്നും കേരളത്തിനു കൈത്താങ്ങാവാന്‍ പ്രവാസി മലയാളികളും. ബഹ്റൈനടക്കം വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒറ്റക്കും കൂട്ടമായും പ്രവാസികള്‍ സംഭാവന അയക്കുന്നുണ്ട്. സംഘടനകള്‍ വസ്ത്രങ്ങളും മറ്റു സഹായങ്ങളും ശേഖരിച്ച് നാട്ടിലേക്കു കാര്‍ഗോയായി അയച്ചു തുടങ്ങി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം രൂപ നല്‍കുമെന്ന് ബഹ്റൈന്‍ ഫിനാന്‍സ് കമ്പനി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്കുള്ള പണമിടപാട് സൗജന്യമാക്കിയതായും കമ്പനി അറിയിച്ചു.

വിവിധ സംഘടനകള്‍ ഓണം, ഈദ് ആഘോഷ പരിപാടികള്‍ മാറ്റിവെച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം നടത്താനിരുന്ന ഓണം ഈദ് ആഘോഷ പരിപാടികള്‍ മാറ്റിവച്ചതായി ബഹ്റൈന്‍ കേരളീയ സമാജം ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കേരളത്തോടൊപ്പം നിന്ന് ദുരിതമാനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടിയുള്ള കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങള്‍ക്ക് എല്ലാ പിന്തുണയും സമാജം അറിയിച്ചു. ബഹറൈനില്‍ നിന്ന് കേരളത്തിലെ ദുരിതമാനുഭവിക്കുന്നവരെ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സമാജം അറിയിച്ചു. പ്രളയ മേഖലയില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍  സമാജം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെ്സ്‌ക്ക് ആരംഭിച്ചൂ. (ഫോണ്‍: 39440530, 39398598, 38300213). ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ ദിവസം സമാജത്തില്‍ യോഗം ചേര്‍ന്നിരുന്നു.

പ്രളയ ക്കെടുതിയുടെ പശ്ചാത്തലത്തില്‍ ബലിപെരുന്നാള്‍ ദിനത്തില്‍ ഐസിഎഫ് നടത്താനിരുന്ന ജെഷ്നെ ഈദ് പ്രോഗ്രാം മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രാര്‍ത്ഥന നടത്താനും  പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണം വിജയിപ്പിക്കാനും സംഘടന തീരുമാനിച്ചു.

ഓണ സദ്യ ഉള്‍പ്പെടെ സീറോ മലബാര്‍ സൊസൈറ്റിയുടെ എല്ലാ ഓണാഘോഷ പരിപാടികളും ഈ മാസം 31 വരെ മാറ്റിവെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണിതെന്നും അറിയിച്ചു.
വടകര സൗഹൃദവേദി സെപ്തംബര്‍ ആദ്യവാരം നടത്താനിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചു. ഓണാഘോഷ പരിപാടികള്‍ മാറ്റിവെച്ചതായും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്നും പ്രോഗ്രസീവ് പാനല്‍ അറിയിച്ചു.

ബഹ്റൈനിലെ സാമൂഹ്യ, സാംസ്‌കാരിക, സംഘടനാ പ്രവര്‍ത്തകരുടെ വിപുലമായ യോഗം വ്യാഴാഴ്ച ഇന്ത്യന്‍ മ്യൂസിക് ആര്‍ട്സ് സെന്ററില്‍ ചേരുന്നുണ്ട്.






 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top