19 December Wednesday

ഗള്‍ഫ് സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം: എം എ യൂസഫലി

വെബ് ഡെസ്‌ക്‌Updated: Friday Dec 7, 2018

മനാമ >  ജിസിസി രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം മാത്രമാണെന്ന് പ്രശസ്ത വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി പറഞ്ഞു. ദീര്‍ഘ വീക്ഷണമുള്ള ഭരണാധികാരികളാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ളത്. അവര്‍ക്ക് പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും. ബഹ്റൈനിലെ സാറില്‍ പുതുതായി ആരംഭിച്ച ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല സന്ദര്‍ശഭങ്ങളിലും ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതി ജീവിച്ച ചരിത്രമാണ് നമ്മുടെ മുന്നിലുളളത്. ഏതൊരു പ്രതിസന്ധിയെയും അതിജീവിക്കാന്‍ ബഹ്റൈനടക്കം ഗള്‍ഫ് രാജ്യങ്ങള്‍ പ്രാപ്തരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ ലുലുവിന്റെ ഏഴാമത്തെ ഹൈപ്പര്‍മാര്‍ക്കറ്റാണ് സാറിലേത്. ബഹ്റൈനിലെ മൊത്തം ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിലായി 1200 ഓളം ബഹ്റൈനികള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. അത് ഇവിടുത്തെ ഭരണാധികാരികള്‍ക്ക് നല്‍കിയ ഒരു ഉറപ്പായിരുന്നു. അത് പാലിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.

ബഹ്റൈനിലെ ഭരണാധികാരികള്‍ സംരഭകര്‍ക്ക് നല്‍കുന്ന നിര്‍ലോഭ സഹകരണമാണ് കൂടുതല്‍ ശാഖകള്‍ തുടങ്ങാനും അതുവഴി രാജ്യത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളിയാകാനും കഴിയുന്നത്. ലുലുവിന്റെ ഓരോ പുതിയ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പുതിയ തൊഴില്‍ മേഖല സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ ഭരണാധികാരികള്‍ നല്‍കുന്ന പിന്തുണക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top