21 September Friday

'ശാസ്‌‌ത്രോത്സവ്' ഡിസംബര്‍ 8 ന് വെള്ളിയാഴ്ച

വെബ് ഡെസ്‌ക്‌Updated: Monday Dec 4, 2017

കുവൈറ്റ് സിറ്റി > എന്‍എസ്‌എസ് കോളേജ് ഓഫ് എന്‍ജിനീയറിങ് പാലക്കാട്, പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ  കുവൈത്ത് ചാപ്റ്ററും, ഇന്ത്യന്‍സ് ഇന്‍ കുവൈറ്റ് ഡോട്ട് കോം വെബ് പോര്‍ട്ടലും ചേര്‍ന്ന് നടത്തുന്ന ശാസ്‌‌ത്രോത്സവ് (ഫെസ്റ്റിവല്‍ ഓഫ് സയന്‍സ് ) ന്റെ എട്ടാമത് എഡിഷന്‍  ഡിസംബര്‍ 8 നു സാല്‍വയിലെ സുമറാദോ ഹാളില്‍ വച്ച് നടക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

രാവിലെ 10 മണിക്ക്  ഉദ്ഘാടനത്തിനു ശേഷം കുവൈത്തിലെ പതിനേഴു ഇന്ത്യന്‍ സ്‌കൂളുകളിലെ ജൂനിയര്‍ , സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ശാസ്ത്ര പ്രദര്‍ശന മത്സരം നടക്കും. ഒപ്പം പൊതുസമൂഹത്തിലെ കുട്ടികള്‍ക്ക് വേണ്ടി ഓപ്പണ്‍ ക്യാറ്റഗറിയില്‍ നടത്തപ്പെടുന്ന ശാസ്ത്ര പ്രദര്‍ശന മത്സരത്തില്‍ 15 ടീമുകളും പങ്കെടുക്കും. കൂടാതെ കുവൈറ്റ് എഞ്ചിനീയേഴ്‌സ്  അസോസിയേഷനിലെ 8 പൂര്‍വ്വ വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുള്ള ടീമുകള്‍ക്ക് വേണ്ടിയും ശാസ്ത്ര പ്രദര്‍ശന മത്സരമുണ്ടായിരിക്കുന്നതാണ്.

അമേരിക്കന്‍ സൊസൈറ്റി ഓഫ് സേഫ്റ്റി എഞ്ചിനീയേഴ്‌സ് ഉം ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ്  ഇന്ത്യയുടെ കുവൈറ്റ് ചാപ്റ്ററും ശാസ്ത്ര പ്രദര്‍ശന സ്റ്റാളുമായി ശാസ്‌ത്രോല്‍സവ് വേദിയില്‍ എത്തുന്നു. ഒപ്പം  87കുട്ടികള്‍ പങ്കെടുക്കുന്ന റുബിക്‌സ് ക്യൂബ് സോള്‍വിങ്ങ് മത്സരവും നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കുവൈത്തില്‍ ആദ്യമായി നടത്തപ്പെടുന്ന റോബോട്ടിക് ഫുട്‌ബോള്‍ മത്സരം ഈ ശാസ്‌ത്രോത്സവത്തിന്റെ പ്രത്യേകതയാണ്. 7 ഓളം   ടീമുകള്‍ അവരുടെ റോബോട്ടുകളുമായി ഈ മത്സരത്തില്‍ പങ്കെടുക്കുന്നതാണ്.

വൈകുന്നേരം നടക്കുന്ന പരിപാടിയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രമുഖ സംഖ്യാശാസ്ത്ര വിദഗ്ധനും വിദ്യാഭ്യാസ  പ്രവര്‍ത്തകനുമായ ആനന്ദ് കുമാറും പങ്കെടുക്കുന്നു. ശാസ്‌ത്രോല്‍സവ് വേദിയുടെ സമാപനത്തില്‍ മറ്റൊരു ആകര്‍ഷണ കേന്ദ്രം ടീം  ഇന്‍ഡസ് നടത്തുന്ന 'ഹര്‍ ഇന്ത്യന്‍ക്കാ മൂണ്‍ ഷോട്ട് '( ഓരോ ഭാരതീയന്റെയും ചന്ദ്ര യാത്ര ) എന്ന പ്രദര്‍ശനമാണ്.

ഒപ്പം ശാസ്‌ത്രോത്സവ വേദിയില്‍ 'റോബോകാര്‍ട്ട്' എന്ന ഇന്ത്യന്‍ സ്ഥാപനം ഒരുക്കുന്ന റോബോട്ടിക് പ്രദര്‍ശനവും , മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനവും ഉണ്ടായിരിക്കുന്നതാണെന്നും ശാസ്‌ത്രോത്സവ് കമ്മറ്റി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. പത്ര സമ്മേളനത്തില്‍ ശാസ്‌ത്രോല്‍സവ് കമ്മറ്റി കണ്‍വീനര്‍
ജിജോ അഗസ്റ്റിന്‍, പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ കുവൈത് ചാപ്റ്റര്‍ പ്രസിഡന്റ് വിജു സെബാസ്ട്യന്‍ വിവിധ കമ്മറ്റി കണ്‍വീനര്‍മാരായ സുനില്‍ ജേക്കബ്, വിനോദ് .എ .പി നായര്‍, കാര്‍ത്തികേയന്‍ രാമകൃഷ്ണന്‍, മുഹമ്മദ് അഷ്റഫ് എന്നിവര്‍ പങ്കെടുത്തു.



 

പ്രധാന വാർത്തകൾ
Top