22 October Monday

പിണറായിസര്‍ക്കാര്‍, പരിമിതികളെക്കുറിച്ച് പറയാതെ, സാധ്യതകളെ സാധ്യമാക്കുന്നു

ടി വി ഹിക്‌മത്ത്Updated: Wednesday Sep 27, 2017

ഷാര്‍ജ ഭരണാധികാരിയായ ഷേഖ് സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസി പ്രശ്നങ്ങളോടുള്ള പിണറായി സര്‍ക്കാരിന്റെ സമീപനത്തെപ്പറ്റി ടി വി ഹിക്‌മത്ത് എഴുതുന്നു

കേരളത്തിന്‍റെ സാമ്പത്തിക സ്രോതസ്സിന്റെ നട്ടെല്ലാണ്‌ ‌പ്രവാസി സമൂഹം. അതില്‍ തന്നെ ജീവിതപ്രയാസത്ത്തിന്റെ ഭാഗമായി കടല്‍ കടന്ന ഗള്‍ഫ്‌ പ്രവാസികളുടെ പങ്ക് ഏറ്റവും പ്രധാനവും.

പലപ്പോഴും നമ്മള്‍ സര്‍ക്കാരുകളെ കണ്ടിട്ടുണ്ട്. ആ സര്‍ക്കാരുകളെല്ലാം പ്രവാസികളെക്കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുമുണ്ട്. കണ്ണീരൊഴുക്കിയിട്ടുമുണ്ട്. എന്നാല്‍ അവര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിയുന്ന സാധ്യതകളെ എത്രകണ്ട് ഉപയോഗപ്പെടുത്തി എന്നുള്ളതാണ് ചോദ്യം? അതിനാണ് പ്രവാസികള്‍ ഉത്തരം ആഗ്രഹിക്കുന്നതും.അവിടെയാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാര്‍ ഉത്തരം നല്‍കിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര പ്രശ്നങ്ങളില്‍  ഇടപെടാന്‍ ഫെഡറല്‍സംവിധാനത്തില്‍ നിലനില്‍ക്കുന്ന പരിമിതികള്‍ക്കപ്പുറം,സാധ്യതകളെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ഈസര്‍ക്കാര്‍ നമുക്ക് കാണിച്ചു തന്നു. സാധാരണക്കാരായ പ്രവാസികളുടെ മനസ്സറിയുന്ന ഭരണാധികാരിയാകുമ്പോള്‍ പ്രവാസി സൌഹൃദനിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കും വേഗതയേറും. അതാണ്‌ ഇപ്പോള്‍ നാട്ടില്‍നിന്നും നാം കണ്ടും കെട്ടുംകൊണ്ടിരിക്കുന്നത്.

 മുഖ്യമന്ത്രിയായ ശേഷം യു.എ.ഇ സന്ദര്‍ശിച്ച പിണറായി ഷാര്‍ജ ഭരണാധികാരിയായ ഷേഖ് സുല്‍ത്താന്‍ ബിന്‍മുഹമ്മദ് അല്‍ ഖാസിമിയെ കാണുകയും വിവിധവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അദ്ദേഹത്തെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല മുഖ്യമന്ത്രി ഷാര്‍ജ ജയിലില്‍ പോയി മലയാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരെ കാണുകയും അവരോട് സംസാരിക്കുകയും ചെയ്തിരുന്നു (പലപ്പോഴുംഭരണക്കാര്‍ ഇങ്ങനെ പല കൂടിക്കാഴ്ചകള്‍ നടത്താറും,വാഗ്ദാനങ്ങള്‍ നല്‍കുകയും, അത് സ്വാഭാവിക മറവിയില്‍ മാഞ്ഞുപോകുകയും ചെയ്യാറുള്ളത് പതിവാണല്ലോ). ആ സന്ദര്‍ശനത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ മറവി കൂടാതെ സുല്‍ത്താന്‍ കേരളത്തിലെത്തിയപ്പോള്‍ തന്‍റെ ഷാര്‍ജാസന്ദര്‍ശത്തിലെ അനുഭവങ്ങള്‍ സുല്‍ത്താനെ ഓര്‍മ്മപ്പെടുത്തുകയും അത് 149 മലയാളികള്‍ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള തടവുകാര്‍ക്ക്കൂടി ആശ്വാസമാവുകയും ചെയ്തു എന്നുള്ളത് പ്രവാസി സമൂഹത്തിനു വിശേഷിച്ചും മറ്റുള്ളവര്‍ക്കും ഏറെ സന്തോഷം നല്‍കുന്നതാണ്. ഈ തീരുമാനം മതിയായ യാത്രാരേഖകളില്ലാതെയും ചെക്ക്കേസുകളിലും സിവില്‍ കേസുകളിലും ഉള്‍പ്പെട്ട് മൂന്നുവര്‍ഷത്തിലേറെയായി ഷാര്‍ജ ജയിലുകളില്‍കഴിയുന്നവരുടെ മോചനത്തിന് വഴിതെളിക്കും. ഏകദേശം 35 കോടിയലധികം രൂപയുടെ സാമ്പത്തികകേസുകളില്‍ കഴിയുന്നവര്‍ക്കാണ് ഇതിന്‍റെ ഫലം ലഭിക്കുക. പ്രഖ്യാപനം വന്നയുടനെ ഷാര്‍ജാ പോലിസ്‌ മോചനം നല്‍കേണ്ടവരുടെ ലിസ്റ്റും തയ്യാറാക്കിക്കഴിഞ്ഞു എന്നതും ഏറെ പ്രശംസനീയമാണ്. മാത്രവുമല്ല, കേരളം മുന്നോട്ടുവച്ച സാംസ്കാരികകേന്ദ്രം, മലയാളികള്‍ക്കുള്ള പാര്‍പ്പിടസമുച്ചയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസകേന്ദ്രം തുടങ്ങിയവ പരിഗണിക്കാമെന്ന് സുല്‍ത്താന്‍ കേരളത്തിന് ഉറപ്പ് നല്‍കുകയും ചെയ്തു എന്നുള്ളത് ഏറെ സന്തോഷകരമാണ്.

ഇത് ശുഭ സൂചനയാണ്. ഷാര്‍ജയില്‍ മാത്രമല്ല, ഗള്‍ഫ്‌ നാടുമായി കേരളത്തിന്‍റെ അഭേദ്യമായ ബന്ധം നല്ലരീതിയില്‍ പ്രയോജനപ്പെടുത്തി ഒട്ടനവധി കാര്യങ്ങള്‍ നമുക്ക് ചെയ്യാന്‍ കഴിയും എന്നതാണ് ഷാര്‍ജഭരണാധികാരിയുടെ സന്ദര്‍ശനം വഴി ഉണ്ടായപ് രഖ്യാപനങ്ങള്‍ വെളിവാകുന്നത്. പല ഗള്‍ഫ്‌നാടുകളിലും ചതിക്കുഴികള്‍ വീണും, തന്റെതല്ലാത്ത കാരണങ്ങളാലും വിവിധ കേസുകളില്‍ പെട്ട് ജയിലില്‍കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുണ്ട്.പലരെയും ഇത്തരം ഇടപെടലുകള്‍ വഴി മോചിപ്പിക്കാന്‍കഴിയും എന്നുള്ളത് ഒരു പ്രധാന സാധ്യതതയാണ്. വ്യത്യസ്ത കാരണങ്ങളാല്‍ പല ഗള്‍ഫ് നാടുകളിലുമായുംപതിനായിരക്കണക്കിനു ഇന്ത്യക്കാര്‍ മതിയായ താമസരേഖയോ തിരിച്ച് യാത്രക്കാവശ്യമായ പാസ്പോര്‍ട്ട്‌ഉള്‍പ്പെടെയുള്ള രേഖകളോ ഇല്ലാതെപ്രയാസപ്പെടുന്നവരും ഉണ്ട്. ഇത്തരക്കാരുടെകാര്യത്തിലും നാട് ഭരിക്കുന്ന കേന്ദ്രകേരള സര്‍ക്കാരുകള്‍ക്ക് പലതും ചെയ്യാന്‍ കഴിയും. പരിമിതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കപ്പുറം സാധ്യതയെക്കുറിച്ചുള്ള ആലോചനകള്‍ക്ക് ഈതീരുമാങ്ങള്‍ വഴി തെളിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

പിണറായി, പ്രവാസികളുടെ കൂടി മുഖ്യമന്ത്രിയാകുന്നത്ഈയൊരു ഇടപെടല്‍കൊണ്ട് മാത്രമല്ല. ഏറെക്കാലത്തെപ്രവാസികളുടെ ആവശ്യമായിരുന്ന പ്രവാസിക്ഷേമപെന്‍ഷന്‍ തുക ആയിരത്തില്‍ നിന്നും രണ്ടായിരമായി വര്‍ദ്ധിപ്പിച്ച് ഉത്തരവായത് ഇക്കഴിഞ്ഞമാസമാണ്. ഇത് വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ ഉദ്യോഗസ്ഥ തലത്തില്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നതും മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഉദ്ദ്യോഗസ്ഥര്‍ തയ്യാറാകേണ്ടി വന്നു എന്നതും നാം കൂട്ടിവായിക്കണം.

പ്രവാസിയുടെ പ്രശ്നങ്ങളും പരാധീനതകളും ഇവിടംകൊണ്ട് തീരുന്നില്ല, ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്ക്കരണത്തിന്റെയും, ജോലി സാധ്യതാ കുറവിന്‍റെയും ഭാഗമായി ആയിരക്കണക്കിനാളുകളാണ് നാട്ടിലേക്ക് മടങ്ങിവന്നുകൊണ്ടിരിക്കുന്നത്, അവരുടെ പുനരധിവാസം, അവരുടെ സ്കില്‍ കണക്കാക്കി ജോലിസാധ്യതയൊരുക്കല്‍, വിദേശ നാടുകളിലെ ജോലിസാധ്യതകള്‍ക്കനുസരിച്ചുള്ള ആധുനികരീതിയിലുള്ള പരിശീന കേന്ദ്രങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയവ സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളികളാണ്. പ്രവാസികള്‍ നാടിനു സമ്മാനിച്ച മാറ്റം കാണാത്ത/കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഉദ്ദ്യോഗസ്ഥ വൃന്ദം  ഇപ്പോഴും പ്രധാന വിലങ്ങുതടിയായി നിലനില്‍ക്കുകയാണ്.
 
പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയമില്ല, എന്നാല്‍ അവരുടെ പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ ഇച്ചാ ശക്തിയും പ്രവാസികളുടെ മനസ്സറിയുന്ന ഭരണാധികാരികളുടെഇടപെടല്‍ ആവശ്യമാണ്‌. കേരളീയരുള്‍പ്പടെയുള്ളവര്‍വിദേശ കാര്യ വകുപ്പും, പ്രവാസി കാര്യ വകുപ്പുംകൈകാര്യം ചെയ്തിരുന്ന മുന്‍ ഗവണ്മെന്റിന്റെ കാലത്ത്പോലും പ്രവാസികള്‍ക്ക് ഗുണകരമായ ഇത്തരം ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല.  കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പോലും സാധ്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ല എന്നതും ഖേദകരമായ വസ്തുതയാണ്. അതാണ്‌ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രവാസികള്‍ക്ക് ഒരാശ്വാസ കേന്ദ്രം ഉണ്ട് എന്നതോന്നലാണ് കേരള സര്‍ക്കാര്‍ ഇടപെടലിലൂടെ പുറത്ത്‌വരുന്നത്.

പരിമിതിയില്‍ കുനിഞ്ഞിരിക്കാതെ സാധ്യതകള്‍തേടിയുള്ള യാത്രക്ക് സര്‍ക്കാരുകളെ പ്രേരിപ്പിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഈ ഇടപെടല്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(കുവൈറ്റില്‍ സാമൂഹികമാധ്യമ രംഗത്ത്
പ്രവര്‍ത്തിക്കുന്നയാളാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
Top