24 September Monday

ഡേവിസ് തെക്കേക്കരയേയും മനാഫിനേയും ദേശാഭിമാനി ഫോറം യു എ ഇ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 31, 2017

ഷാര്‍ജ > പ്രവാസലോകത്തെ സാമൂഹ്യ സാംസ്‌കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്ന ഡേവിസ് തെക്കേക്കര, മനാഫ് ചാവക്കാട് എന്നിവരുടെ അകാല വിയോഗത്തില്‍ ദേശാഭിമാനി ഫോറം യു എ ഇ അനുശോചനയോഗം സംഘടിപ്പിച്ചു. മാനവനീതിക്കായി കൊതിക്കുന്ന എല്ലാവരുടെയും മനസ്സില്‍ വലിയ ദുഖമാണ് ഇവരുടെ വേര്‍പാട് ഉണ്ടാക്കിയതെന്ന് പ്രവാസി എഴുത്തുകാരി ഹണി ഭാസ്‌കര്‍ അനുശോചനയോഗത്തില്‍ സംസാരിക്കവെ പറഞ്ഞു.

മിക്ക വിഷയങ്ങളിലും വ്യക്തവും, സുതാര്യവുമായ അഭിപ്രായം നിലനിര്‍ത്തിപ്പോന്നവര്‍ ആയിരുന്നു ഇരുവരും. മനുഷ്യനന്മക്ക് വേണ്ടി നിരന്തരമായി സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തിയ ഇവര്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ആവേശവും കരുത്തും ആയിരുന്നു. നന്നേ ചെറുപ്പത്തില്‍ തന്നെയുള്ള ഇവരുടെ വേര്‍പാട് വലിയ നഷ്ടമാണ് ആ കുടുംബങ്ങള്‍ക്കും, മനുഷ്യസ്‌നേഹികള്‍ക്കും ഉണ്ടാക്കിയതെന്ന് ദേശാഭിമാനി ഫോറം കണ്‍വീനര്‍ കെ എല്‍ ഗോപി പറഞ്ഞു.

യുവകവി പ്രദീപ് കുറ്റിയാട്ടൂര്‍, സാമൂഹ്യപ്രവര്‍ത്തകന്‍ സയ്യിദ് അഭി, സ്റ്റഡി പോള്‍, സുവീഷ് എന്നിവരും അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. അനീഷ് മണ്ണാര്‍ക്കാട് അധ്യക്ഷനായ ചടങ്ങില്‍ പ്രദീപ് തോപ്പില്‍ അനുശോചനം പ്രമേയം അവതരിപ്പിക്കുകയും അന്‍വര്‍ ഷാഹി സ്വാഗതം പറയുകയും ചെയ്തു

പ്രധാന വാർത്തകൾ
Top