ബ്രിസ്ബെയ്ന്‍ > സന്ദേശ ചലച്ചിത്ര നിര്‍മാണ വിതരണ പ്രസ്ഥാനമായ വേള്‍ഡ് മദര്‍ വിഷന്റെ നേതൃത്വത്തില്‍ ആസ്ത്രേലിയയിലെ സംഘടനയുടെ ആസ്ഥാന കേന്ദ്രമായ ബിലോയിലായില് വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ഭൂഖണ്ഡാന്തര ക്രിസ്മസ് കരോള്‍ സംഗമം സംഘടിപ്പിച്ചു. ഹംഗറി, ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്, ബ്രസീല്‍, ഇന്ത്യ, ബെല്‍ജിയം, ആസ്ത്രേലിയ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി പേര് പരിപാടിയില്‍ പങ്കെടുത്തു. ഓരോരുത്തരും അവരവരുടെ മാതൃഭാഷയില്‍ കരോള്‍ ഗാനങ്ങള്‍ ആലപിച്ചു.
ക്രിസ്മസ് അനുഭവങ്ങളും പങ്കുവെച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. വിശ്വസാഹോദര്യവും മാനവികതയും ഊട്ടിയുറപ്പിക്കാനുള്ള മദര്‍ വിഷന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ലോകത്തിന്റെ വിവിധ‘ഭാഗങ്ങളില്‍ നിന്ന് ആസ്ത്രേലിയയില്‍ കുടിയേറി പാര്ത്തവരെയും ജോലി ചെയ്യുന്ന പ്രവാസികളേയും ഉള്‍പ്പെടുത്തി കരോള്‍ സംഗമം നടത്തിയത്.
ബനാന ഷെയര്‍ ഡപ്യൂട്ടി മേയര്‍ വാറന്‍ മിഡില്ട്ടണ് കരോള്‍ സംഗമം ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മദര്‍ വിഷന്‍ ചെയര്‍മാനും സംവിധായകനുമായ ജോയ് കെ മാത്യു അധ്യക്ഷനായി. ഫാ. ടി ക്രിസ്മസ് സന്ദേശം നല്കി. ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്നെല്‍, അന്താരാഷ്ര നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഇല്‍ഡിക്കോ, വിന്നീസ് പ്രസിഡന്റ് ഗേ ഫ്രേസര്‍, ബ്രസീലിയന്‍ ഗായകന് കോസ്താ, ഫിലിപ്പൈന്‍ ഗായിക ഡാനിയല്‍, നെതര്‍ലാന്‍ഡ് സംഗീതജ്ഞരായ പീറ്റര്‍, ജെഫ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം നല്കി. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് എത്തിയ കലാകാരന്മാരെ പുരസ്കാരം നല്കി ആദരിച്ചു.