19 September Wednesday

ബഹ്‌റൈന്‍ കേരളീയ സമാജം ബാലകലോത്സവം 26 മുതല്‍; രജിസ്‌ട്രേഷന്‍ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Apr 6, 2018

മനാമ > പ്രവാസി മലയാളി കുട്ടികള്‍ക്കായി ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ബാലകലോത്സവം‐2018 ഈ മാസം 26ന് ആരംഭിക്കും. കേരളത്തില്‍  നടക്കുന്ന  സംസ്ഥാന  സ്‌കൂള്‍  കലോത്സവത്തിന്റെ  മാതൃകയിലും ചിട്ടയിലുമാണ്  സമാജത്തിലും കലോത്സവം നടത്തിവരുന്നതെന്ന് പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയും ജനറല്‍ സെക്രട്ടറി എം പി രഘുവും അറിയിച്ചു.

ബാലകലോത്സവ രജിസ്‌ട്രേഷന്‍ തുടങ്ങിയതായി സംഘാടകര്‍ അറിയിച്ചു. ഇതിനായി സമാജത്തില്‍ എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 10 വരെ ഹെല്‍പ്‌ ഡസ്‌ക് പ്രവര്‍ത്തിക്കും. അപേക്ഷയോടൊപ്പം കുട്ടിയുടെ ഫോട്ടോ, സിപിആര്‍ കോപ്പി, ബഹറൈനില്‍ പഠിക്കുന്ന സ്‌കൂളിന്റെ പേരിലുള്ള ഐഡി കാര്‍ഡ് എന്നിവ രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് നല്‍കണം. രെജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ സംവിധാനവും ഉണ്ട്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 13. ബാലകലോത്സവം 2018 പ്രോഗ്രാം ഷെഡ്യൂള്‍ ഏപ്രില്‍ 22 പ്രസിദ്ധീകരിക്കും. അപേക്ഷാഫോറവും നിബന്ധനകളും സമാജം ഹെല്‍പ്‌ഡെസ്‌കില്‍ നിന്നും സമാജം വെബ്‌സൈറ്റിലും ലഭിക്കും.
 
ഈ വര്‍ഷവും കലാപ്രതിഭ, കലാതിലകം, ബാലതിലകം, ബാലപ്രതിഭ, സാഹിത്യരത്‌ന, സംഗീത രത്‌ന, നാട്യരത്‌ന കൂടാതെ വിവിധ ഗ്രൂപ്പ് ചാമ്പ്യന്‍ മാര്‍ എന്നിവര്‍ക്കായിരിക്കും അവാര്‍ഡ് നല്‍കുക. പോയവര്‍ഷങ്ങളില്‍  നിന്നും  വ്യത്യസ്തമായി ഗ്രൂപ്പ് ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇനങ്ങളില്‍ സിനിമാറ്റിക് ഡാന്‍സ്, സംഘഗാനം, മൈം തുടങ്ങിയവയില്‍ പ്ലസ് ടു വരെ  പഠിക്കുന്ന ബഹ്‌റൈനിലെ എല്ലാ മലയാളി കുട്ടികള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ട്‌. മലയാളികള്‍ക്കു പുറമെ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍  പങ്കെടുക്കാം. ഒരു ടീമില്‍  ആറു മുതൽ പത്തുവരെ അംഗങ്ങൾ ആണ്‌ ഉണ്ടാകേണ്ടത്. ഒരു ടീമിന് ഒരു ഇനത്തില്‍ മാത്രമേ പങ്കെടുക്കാന്‍ അവസരമുള്ളൂ.
 
സുഗമമായ നടത്തിപ്പിനായി വ്യക്തിഗത ഇനങ്ങളില്‍ കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തില്‍ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. 2011 ഏപ്രില്‍  1 നും 2013 മാര്‍ച്ച് 31 നും മധ്യേ ജനിച്ചവര്‍ ഒന്നാമത്തെ ഗ്രൂപ്പിലും 2009 ഏപ്രില്‍  1നും 2011 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ രണ്ടാമത്തെ ഗ്രൂപ്പിലും 2007 ഏപ്രില്‍  1നും 2009 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവര്‍ മൂന്നാമത്തെ  ഗ്രൂപ്പിലും, 2004 ഏപ്രില്‍ 1നും 2007 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവര്‍ നാലാമത്തെ ഗ്രൂപ്പിലും 2000 ഏപ്രില്‍ 1നും 2004 മാര്‍ച്ച് 31 നും ഇടയില്‍ ജനിച്ചവര്‍ അഞ്ചാമത്തെ ഗ്രൂപ്പിലും ഉള്‍പെടും.
 
മെയ് 15 ന് അവസാനിക്കുന്ന ബാലകലോത്സവം വന്‍വിജയമാക്കാനുള്ള പ്രവര്‍ത്തനം അണിയറയില്‍ നടക്കുന്നു. ഇതിനായി ജനറല്‍ കണ്‍വീനര്‍ ആഷ്‌ലി കുര്യന്റെ  നേതൃത്വത്തില്‍ 100 അംഗ സംഘാടക സമിതി പ്രവര്‍ത്തിക്കുന്നു. വിവിധ വേദികളിലായാണ് മത്സരം. 
 
വിവരങ്ങള്‍ക്ക്: ജനറല്‍ കണ്‍വീനര്‍ ആഷ്‌ലി കുര്യന്‍39370929, സുധി: 39168899

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top