23 July Monday

കവിതാസമാഹാരം 'അശ്വഹൃദയം' പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017

അബുദാബി > സഫറുള്ള പാലപ്പെട്ടിയുടെ 'അശ്വഹൃദയം' എന്ന കവിതാസമാഹാരം മുപ്പത്താറാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വെച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഡോ. സി. വി. ആനന്ദബോസ് പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ തിക്കോടിക്ക് നല്‍കിക്കൊണ്ടാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.

ആധുനിക കേരള ശില്പി ഇ.എം.എസ്സിന്റെ വേര്‍പാടില്‍ ഉള്ളുരുകി തൂലികയെടുത്ത കടമ്മനിട്ട രാമകൃഷ്ണന്‍, എന്‍. പ്രഭാവര്‍മ്മ, ഏഴാച്ചേരി രാമചന്ദ്രന്‍, കരിവെള്ളൂര്‍ മുരളി, ആലങ്കോട് ലീലാകൃഷ്ണന്‍, കുഞ്ഞപ്പ പട്ടാനൂര്‍, നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍, വയലാര്‍ ശര്‍ത്ചന്ദ്രവര്‍മ്മ തുടങ്ങി അന്‍പത്തൊന്ന് കാവ്യമനസ്സുകളുടെ സര്‍ഗ്ഗാത്മക സമര്‍പ്പണമാണ് അശ്വഹൃദയം.

ഡോ. സുകുമാര്‍ അഴീക്കോടിന്റെ ആശംസാ വചനങ്ങളോടും, പ്രൊഫ. എം. എം. നാരായണന്‍, എ. വി. അനില്‍കുമാര്‍, എസ്. വി ഷൈന്‍ലാല്‍ എന്നിവരുടെ പഠനങ്ങളോടും കൂടി സഫറുള്ള പാലപ്പെട്ടി എഡിറ്റ് ചെയ്ത അശ്വഹൃദയം ലിപി പബ്ലിക്കേഷന്‍സാണ് പ്രസിദ്ധീകരിച്ചത്.
വെള്ളിയോടന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് വൈ.എ.റഹീം, അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി. പി. കൃഷ്ണകുമാര്‍, ലിപി അക്ബര്‍, കെ. എം. അബ്ബാസ്, ഷാര്‍ളി ബെഞ്ചമിന്‍, ഹണി ഭാസ്‌കരന്‍, രമാദേവി രവീന്ദ്രന്‍, രഘു മാഷ്, സാജിത അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top