23 September Sunday

സുമനസുകളുടെ കൈതാങ്ങില്‍ അഫ്‌സല്‍ നാട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday Mar 8, 2018

മനാമ> മോഷ്ടാക്കള്‍ രണ്ടാം നിലയില്‍ നിന്നു തള്ളിയിട്ടു ശരീരം തളര്‍ന്ന മലയാളി യുവാവ് സുമനസുകളുടെ സഹായത്താല്‍ നാട്ടിലേക്ക്. ഒരു മാസത്തോളമായി സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊല്ലം നിലമേല്‍ സ്വദേശി അഫ്സ(29)ലാണ് വ്യാഴാഴ്ച നാട്ടിലേക്കു മടങ്ങിയത്‌. വ്യാഴാഴ്ച രാത്രി എട്ടരക്കുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ കൊച്ചിയിലേക്കു പോകുന്ന യുവാവിനെ തണല്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു തുടര്‍ ചികിത്സക്കായി കോഴിക്കോട്ടേക്കു കൊണ്ടു പോകും.

കഴിഞ്ഞ ഫെബ്രുവരി ഒന്‍പതിനു രാത്രിയാണ് അഫ്സല്‍ സാമൂഹ വിരുദ്ധരുടെ ആക്രമണത്തിനിരയായത്. നിര്‍ധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു മൊബൈല്‍ കട ജീവനക്കാരനായ അഫ്സല്‍. കട അടച്ചശേഷം മനാമ അയക്കൂറ പാര്‍ക്കിനു സമീപത്തെ താമസ്ഥലത്തേക്കു മടങ്ങി. തുടര്‍ന്ന് രാത്രി 12 ഓടെ ഭക്ഷണം വാങ്ങാനായി പുറത്തേക്കു പോയ അഫ്‌സല്‍ മടങ്ങിവരും വഴിയാണ് മോഷ്ടാക്കളുടെ ആക്രമണത്തിനിരയായത്.

അഫ്സലിന്റെ പണം അടങ്ങിയ പേഴ്സ് തട്ടിപ്പറിച്ച് രണ്ടു മോഷ്ടാക്കള്‍ രക്ഷപ്പെട്ടു. ഇവരെ പിന്‍തുടര്‍ന്ന് ഒരു കെട്ടിടത്തിലേക്കു എത്തിയ അഫ്സലിനെ കൂടുതല്‍ പേര്‍ വളയുകയും പിടിവലിക്കിടെ രണ്ടാം നിലയില്‍ നിന്നും താഴേക്കു തളളിയിടുകയുമായിരുന്നു. താഴെ നിലയിലെ ഷീറ്റില്‍ പതിച്ച ശേഷമാണ് അഫ്സല്‍ റോഡിലേക്കു വീണത്. വീഴ്ചയില്‍ തോളെല്ലിനും നട്ടെല്ലിനും ഗുരതുതരമായി പരിക്കേറ്റ അഫ്സലിന്റെ ശരീരം തളര്‍ന്നു.

അവിവാഹിതനായ അഫ്സലിനു വേണ്ടി പ്രവാസികളുടെ വിവിധ കൂട്ടായ്മകളും സാമൂഹ്യ പ്രവര്‍ത്തകരും ഒന്നിക്കുകയായിരുന്നു. നാട്ടിലേക്കു കൊണ്ടു പോകാനും തുടര്‍ ചികിത്സക്കുമായി വിവിധ സംഘടനകളുടെ സഹായം ഏകോപിപ്പിക്കാന്‍ മലയാളി സാമൂഹ്യ പ്രവര്‍ത്തകരുടെ വാട്സ്ആപ്പ് കൂട്ടായ്മ മുന്നിട്ടിറങ്ങി. നാട്ടിലേക്കുള്ള ടിക്കറ്റ് ഇന്ത്യന്‍ എംബസിയും കൂടെ യാത്ര ചെയ്യുന്ന ആള്‍ക്കുള്ള ടിക്കറ്റ് ബഹ്റൈന്‍ ബ്ലഡ് ഡോണേഴ്സ് ഫോറവും നല്‍കി. വാടക വീട്ടില്‍ താമസിക്കുന്ന അഫ്സലിന് ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മ്മിച്ചു നല്‍കുമെന്ന് ഐസിഎഫ് അറിയിച്ചു.

 സ്ഥലം ലഭ്യമായാലുടന്‍ വീടു പണി ആരംഭിക്കാനുളള തയ്യാറെടുപ്പിലാണ് ഐസിഎഫ്. അഫ്സലിനു ആശുപത്രിയില്‍ കൂട്ടിരിക്കാനും സഹായങ്ങള്‍ നല്‍കാനും നിരവധി പേര്‍ മുന്നോട്ടു വന്നു. ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം അഹമ്മദ് അബ്ദുല്‍ വാഹിദ് ഖറാത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

പ്രധാന വാർത്തകൾ
Top