21 September Friday

മുസമ്മിലിനും സാദിഖിനും യാത്രയയപ്പ് നല്‍കി

വെബ് ഡെസ്‌ക്‌Updated: Friday Dec 29, 2017

അബുദാബി ശക്തിതിയറ്റേഴ്‌സിന്റെ സ്നേഹോപഹാരം പ്രസിഡന്റ് വി പി കൃഷ്ണകുമാര്‍ മുസമ്മിലിന് സമ്മാനിക്കുന്നു

അബുദാബി >  ദീര്‍ഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് പോകുന്ന അബുദാബി ശക്തി തിയറ്റേഴ്‌സിന്റേയും കേരള സോഷ്യല്‍ സെന്ററിന്റേയും സജീവ പ്രവര്‍ത്തകരായ മുസമ്മില്‍ പാണക്കാടിനും സാദിഖ് സാഗോസിനും ഇരുസംഘടനകളുടേയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ യാത്രയയപ്പ് നല്‍കി.

പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട തികച്ചും യാഥാസ്ഥിതിക ചുറ്റുപാടുകളില്‍ പ്രവര്‍ത്തിച്ച് കെഎസ്എഫിന്റേയും എസ്എഫ്‌ഐയുടേയും സംസ്ഥാന നേതൃത്വ പദവിയിലെത്തിയ മുസമ്മില്‍ 1979 ലാണ് അബുദാബിയിലെത്തിയത്. നാട്ടില്‍ നാടക രംഗത്ത് തന്റേതായ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള മുസമ്മില്‍ കെഎസ്എഫിന്റേയും എസ്എഫ്‌ഐയുടേയും സംസ്ഥാനകമ്മിറ്റിയില്‍ കൊടിയേരി ബാലകൃഷ്ണന്‍, എസ് രാമകൃഷ്ണപ്പിള്ള, സി ഭാസ്‌കരന്‍, സിപി അബൂബക്കര്‍ തുടങ്ങിയ പ്രമുഖരോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
അബുദാബിയിലെത്തിയ അദ്ദേഹം കേരള സോഷ്യല്‍ സെന്ററുമായും ശക്തി തിയറ്റേഴ്സുമായും ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ 38 വര്‍ഷമായി അബുദാബിയിലെ ആര്‍ബിഫ്റ്റ് ബാങ്കില്‍ ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി അബുദാബിയുടെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ സാദിഖ് സാഗോസ് പൊന്നാനി നിവാസികളുടെ കൂട്ടായ്മയായ ഇമ്പിച്ചിബാവ സ്മാരക മെഡിക്കല്‍ ആന്റ് എഡ്യുക്കേഷണല്‍ സെന്ററിന്റെ പ്രസിഡന്റായിരുന്നു. ഇത്തിസലാത്തില്‍ ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് പോകുന്നത്.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് പി പത്മനാഭന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചുകൊണ്ട് ചന്ദ്രശേഖര്‍ (യുവകലാസാഹിതി), ടിഎ നാസര്‍ (ഫ്രണ്ട്സ് എഡിഎംഎസ്), വേണുഗോപാല്‍ (കല അബുദാബി), റജീദ് പട്ടോളി (വടകര എന്‍ആര്‍ഐ ഫോറം) എന്നിവരും എ കെ ബീരാന്‍കുട്ടി, സിന്ധു ജി നമ്പൂതിരി, സഫറുള്ള പാലപ്പെട്ടി, നിഷാം ചാവക്കാട്, സലീം ചിറക്കല്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

അബുദാബി ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി പി കൃഷ്ണകുമാര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ നന്ദിയും പറഞ്ഞു. ശക്തി തിയറ്റേഴ്സിന്റേയും കേരള സോഷ്യല്‍ സെന്ററിന്റേയും സ്നേഹോപഹാരനങ്ങള്‍ ഇരു സംഘടനകളുടേയും പ്രസിഡന്റുമാര്‍ മുസമ്മിലിനും സാദിഖിനും സമ്മാനിച്ചു.





 

പ്രധാന വാർത്തകൾ
Top