23 April Monday

അജ്ഞതയാണ് ഫാസിസത്തിന് കടന്നുവരുവാനുള്ള എളുപ്പമാര്‍ഗ്ഗം: അഭിമന്യു വിനയകുമാര്‍

വെബ് ഡെസ്‌ക്‌Updated: Friday Jan 12, 2018

അബുദാബി > അജ്ഞതയാണ് ഫാസിസ്റ്റുകളുടെ മുഖമുദ്രയെന്നും അറിവില്ലായ്മയാണ് ഫാസിസത്തിന് കടന്നുവരുവാനുള്ള എളുപ്പമാര്‍ഗ്ഗമെന്നും പ്രശസ്ത നാടകപ്രവര്‍ത്തകനായ അഭിമന്യു വിനയകുമാര്‍. ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഇതിഹാസത്തിലെ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്നുമുള്ള രാജസ്ഥാനിലെ ബിജെപി നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ വസുദേവ് ദേവ്‌നാനിയുടെ വിചിത്ര പ്രസ്താവനയെ പരാമര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസ്റ്റുകള്‍ പറയുന്ന ഓരോ കാര്യങ്ങളും ശ്രദ്ധിച്ചാല്‍ ഇത് ബോധ്യപ്പെടും. ഓക്‌സിജന്‍ ശ്വസിച്ച് ഓക്‌സിജന്‍ പുറത്തുവിടുന്ന മൃഗമാണ് പശുവെന്നും, ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി ഗണപതിയുടേതാണെന്നും, ഹനുമാന്‍ ലങ്കയിലേയ്ക്ക് പറന്നത് വിമാനത്തിലായിരുന്നുവെന്നുമുള്ള പോഴത്തരങ്ങള്‍ ഇക്കൂട്ടര്‍ക്ക് വിളമ്പാന്‍ കഴിയുന്നത് അറിവില്ലായ്മയില്‍ നിന്നാണ്. അതുകൊണ്ട് തന്നെയാണ് സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ച കേരളത്തിന്റെ സാംസ്‌കാരികമായുള്ള അടിത്തറകൊണ്ടാണ് ഒരു പരിധിവരെ ഫാസിസത്തിന്റെ കടന്നുവരവിനെ ചെറുക്കാന്‍ കഴിയുന്നത്.

സമൂഹത്തെ ബാധിക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ എക്കാലത്തും കഴിഞ്ഞിട്ടുള്ളത് കലകള്‍ക്കാണ്. കല ഉപയോഗിച്ച് ചെറുക്കാന്‍ കഴിയുന്നത് പോലെ മറ്റൊരു മാധ്യമങ്ങള്‍ക്കാവില്ല. കലാകാരന്‍മാര്‍ക്കും എഴുത്തുകാര്‍ക്കുമാണ് ഇക്കാലത്ത് പലചും ചെയ്യാന്‍ കഴിയുക. അദ്ദേഹം തുടര്‍ന്ന് പറഞ്ഞു. അബുദാബി മലയാളി നാടകോത്സവത്തില്‍ അബുദാബി ശക്തി തിയറ്റേഴ്‌സിനുവേണ്ടി 'യമദൂത്' എന്ന നാടകം സംവിധാനം ചെയ്യാനെത്തിയതായിരുന്നു അഭിമന്യു. പ്രശസ്തനാടകാചാര്യനും അഭിമന്യുവിന്റെ പിതാവുമായ ഡോ. എം. എന്‍. വിനയകുമാര്‍ രചിച്ച 'യമദൂത്' തിങ്കളാഴ്ചയാണ് അരങ്ങിലെത്തുക.

ഒരു പ്രതിരോധനാടകം എന്ന നിലയ്ക്കാണ് ഒഥല്ലോ അരിസ്ഥാനമാക്കിയുള്ള യമദൂത് ചെയ്യുന്നത്. അതിലെ പ്രധാന കഥാപാത്രങ്ങളായ ഒഥല്ലൊ, ഡസ്റ്റിമോണ, ഇയാഗൊ എന്നീ കഥാപാത്രങ്ങള്‍ ലോകത്തിന്റെ സ്വഭാവത്തെ നിരണ്ണയിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നതാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രധാന വാർത്തകൾ
Top