18 November Sunday

ആദിത്യനാഥിന്റെ വീടിനുമുന്നിൽ വീണ്ടും കൂട്ട ആത്മഹത്യാശ്രമം

സ്വന്തം ലേഖകൻUpdated: Monday Aug 27, 2018


ന്യൂഡൽഹി
ബിജെപി എംഎൽഎ പ്രതിയായ ഉന്നാവ കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനുമുന്നിൽ വീണ്ടും കൂട്ട ആത്മഹത്യാശ്രമം. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛന്റെ കൊലപാതകത്തിന് സാക്ഷിയായ യൂനസ് ഖാന്റെ മൃതദേഹം കബറിൽനിന്ന് പുറത്തെടുത്തതിനെതിരെയാണ് ബന്ധുക്കളുടെ പ്രതിഷേധം. ആദിത്യനാഥിനെ കാണാൻ അനുമതി നിഷേധിച്ചതോടെയാണ് യൂനസ് ഖാന്റെ 14 ബന്ധുക്കൾ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ ആത്മഹത്യക്കു ശ്രമിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കുടുംബാംഗങ്ങളുടെ എതിർപ്പ് അവ​ഗണിച്ച്  മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. 18ന് മരിച്ച യൂസഫിന്റെ ശരീരം അനുമതിയില്ലാതെ അ‌ടക്കം ചെയ്തെന്നാണ് സിബിഐയുടെ നിലപാട്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അച്ഛനെ എംഎൽഎ കുൽദീപ് സിങ് സെംഗാറിന്റെ സഹോദരനും സംഘവും ആക്രമിക്കുന്നതിന് ദൃക്സാക്ഷിയായിരുന്നു യൂസഫ്. തന്റെ പലചരക്ക് കടയുടെ മുന്നിൽനിന്നാണ് പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ച് തുടങ്ങിയതെന്നാണ് സിബിഐക്ക് യൂസഫ് നൽകിയ മൊഴി.

യൂസഫ് കൊല്ലപ്പെട്ടതാണെന്നും ഇതിൽ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ അമ്മാവൻ പരാതിയിൽ പറയുന്നു.
ബലാത്സംഗക്കേസ് പ്രതിയായ എംഎൽഎ കുൽദീപ് സിങ് സെംഗാറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇരയായ പെൺകുട്ടിയും ബന്ധുക്കളും ആദിത്യനാഥിന്റെ വസതിയിലെത്തി ആത്മഹത്യ ക്കു ശ്രമിച്ചതോടെയാണ് വിഷയം ദേശീയ ശ്രദ്ധയിലെത്തിയത്. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംഎൽയുടെ സഹോദരൻ അതുൽ സിങ്ങിന്റെ മർദനമേറ്റ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചു.

ഈ സംഭവത്തിന് ദൃക‌്സാക്ഷിയായ യൂനസ് ഖാൻ ദുരൂഹസാഹചര്യത്തിൽ മരിക്കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top