20 July Friday

മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുന്നുവെന്ന് ആശുപത്രി സന്ദര്‍ശനത്തില്‍ യോഗി; ഇരകളുടെ ബന്ധുക്കളെ കാണാന്‍ തയ്യാറായില്ല

വെബ് ഡെസ്‌ക്‌Updated: Sunday Aug 13, 2017

ലക്‌നൗ > തെറ്റായ വാര്‍ത്തയാണ് നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഗോരഖ്പൂര്‍ ആശുപത്രി സന്ദര്‍ശന ശേഷം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തിന് പിന്നില്‍ ഓക്‌സിജന്‍ ലഭ്യമാകാത്തതാണ് കാരണം എന്ന് തുറന്ന് സമ്മതിക്കാന്‍ ആശുപത്രിയിലെത്തിയപ്പോഴും മുഖ്യമന്ത്രി തയ്യാറായില്ല. ജപ്പാന്‍ ജ്വരം എന്ന വാദത്തില്‍ അദ്ദേഹം ഉറച്ച് നിന്നു. മൃതദേഹത്തോട് അനാദരവ് കാട്ടിയ ആശുപത്രി അധികൃതരുടെ നടപടി സംബന്ധിച്ച ചോദ്യത്തോടും അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. ആശുത്രിയുടെ പരിഷ്‌കാരങ്ങളും അടിസ്ഥാന സൗകര്യങ്ങളും അടക്കമുള്ള കാര്യങ്ങളില്‍ ഏതെങ്കിലും വിധത്തിലുള്ള  ഇടപെടല്‍ ഉണ്ടാകുമോ എന്നും മാധ്യമങ്ങള്‍ ആരാഞ്ഞു. എന്നാല്‍ എല്ലാ  പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച പിന്തുണയുണ്ട് എന്ന് മാത്രമായിരുന്നു ഉത്തരം.

മസ്തിഷ്‌ക്കത്തിന് അണുബാധ ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവരെ ആദ്യം പ്രവേശിപ്പിക്കുന്ന എമര്‍ജന്‍സി വിഭാഗത്തിലെ പരിശോധനകള്‍ക്ക് ശേഷം കുട്ടികളെ എത്തിക്കുന്ന തീവ്ര പരിചരണ വിഭാഗത്തിലേക്കടക്കം മാധ്യമ പ്രവര്‍ത്തകരെ യോഗി ക്ഷണിച്ചു. സംഭവങ്ങളുടെ നിജസ്ഥിതി നേരിട്ട് കാണു എന്ന് പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങളോട് അകത്തേക്ക് പ്രവേശിച്ചുകൊള്ളാന്‍ അദ്ദേഹം പറഞ്ഞത്‌. അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥരടക്കമുള്ളവര്‍, അതീവ സുരക്ഷയും ശുചിത്വവും ആവശ്യമുള്ള അത്യാഹിത വിഭാഗത്തിലേക്ക് തോക്കുകള്‍ അടക്കമുള്ള വസ്തുക്കളുമായി പ്രവേശിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നു.

വലിയ തോതിലുള്ള കെടുകാര്യസ്ഥതയാണ് ദുരന്തത്തിന് ശേഷവും ആശുപത്രി അധികൃതര്‍ തുടരുന്നത്. അശുപത്രി പരിസരത്തെ ശോച്യാവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോയ മുഖ്യമന്ത്രി ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കളില്‍ ഒരാളെ പോലും കാണാനോ ആശ്വാസവാക്കുകള്‍ പറയാനോ തയ്യാറായില്ല. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മാതാപിതാക്കള്‍ അടക്കമുള്ളവര്‍ യോഗിയെ കാണാന്‍ കാത്തുനിന്നെങ്കിലും പൊലീസ് അവരെ അകലേക്ക് മാറ്റിനിര്‍ത്തുകയായിരുന്നു.
 

പ്രധാന വാർത്തകൾ
Top