17 December Monday

പശ്ചിമഘട്ടം: 2013ലെ നിർമാണനിരോധന ഉത്തരവ‌ിൽ ഭേദഗതി; 3114 ചതുരശ്ര കി.മീറ്ററിൽ നിയന്ത്രണമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Dec 8, 2018

ന്യൂഡൽഹി
പശ്ചിമഘട്ടത്തിലെ നിർമാണ പ്രവർത്തനങ്ങൾ വിലക്കിയ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിരോധന ഉത്തരവ‌് ഭേദഗതി ചെയ‌്തു. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലയിൽ (ഇഎസ‌്എ) ഉൾപ്പെടുന്ന സ്ഥലത്തിന്റെ വിസ‌്തൃതി 56,825 ചതുരശ്ര കിലോമീറ്ററായി ചുരുക്കി. നേരത്തെ ഇത് 59,940 ചതുരശ്ര കിലോമീറ്ററായിരുന്നു. ഇതോടെ സംസ്ഥാനത്തെ 3114 ചതുരശ്ര കിലോമീറ്റർ നിയന്ത്രണങ്ങളിൽനിന്ന‌് ഒഴിവാകും. കേരളത്തിന്റെ പ്രളയാനന്തര പുർനിർമാണ പ്രവർത്തനങ്ങൾക്കടക്കം അനുകൂലമാകുന്ന ഭേദഗതിയാണ് ഉണ്ടായത‌്.
കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം 2013 നവംബർ 13ന‌് പുറത്തിറക്കിയ ഉത്തരവാണ‌് പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അഞ്ചാംവകുപ്പ് ഉപയോഗിച്ച‌് ഭേദഗതി ചെയ‌്തത‌്. അഞ്ചാം ഖണ്ഡികയിൽ 56,825 ചതുരശ്ര കിലോമീറ്ററാണ‌് ഇഎസ‌്എ പരിധി എന്ന‌് മാറ്റംവരുത്തി. സംസ്ഥാനം നേരിട്ടുള്ള പരിശോധനയ‌്ക്കുശേഷം വിശദമായ ഭൂപടം ഉൾപ്പെടെ റിപ്പോർട്ട‌് സമർപ്പിച്ചിരുന്നു. 2014 മാർച്ച‌് 10ലെ കരടിൽ ഉൾപ്പെടുത്തിയത‌് അംഗീകരിച്ചുള്ള ഭേദഗതിയാണ‌് നിലവിൽ വരുത്തിയത‌്. 9107 ചതുരശ്ര കിലോമീറ്റർ വനവും 886.7 ചതുരശ്ര കിലോമീറ്റർ വനേതര ഭൂമിയും ഉൾപ്പെടെ 9993.7 ചതുരശ്ര കിലോമീറ്റർ ഭൂമിയാണ‌് ഇഎസ‌്എ പരിധിയിൽ വരുന്നത‌്. അഞ്ചാം ഖണ്ഡികയിലെ ഈ ഭേദഗതി ഒഴിച്ച‌് മറ്റെല്ലാം 2013ലെ കരട‌് നിർദേശങ്ങൾ തുടരും. ഉൾപ്പെടുന്ന ഗ്രാമങ്ങളുടെ പട്ടിക 2018ലെ കരട‌് വിജ്ഞാപന പ്രകാരവും തുടരും.
പ്രളയാനന്തരമുള്ള പുനർനിർമാണത്തിന‌് നിരോധന ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട‌ാണ‌് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചത‌്. പരിസ്ഥിതി സംരക്ഷണത്തിലെ അഞ്ചാംവകുപ്പ‌് ഭേദഗതി ചെയ്യണമെന്ന‌ാവശ്യപ്പെട്ട‌്  ഇടുക്കി എം പി ജോയ‌്സ‌് ജോർജ‌ും കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയത്തെ സമീപിച്ചിരുന്നു. ഇടുക്കി മെഡിക്കൽ കോളേജിൽ 2019ൽ കുട്ടികൾക്ക‌് പ്രവേശനം നൽകുന്നതിനും നിർമാണ സാമഗ്രികളുടെ ദൗർഭല്യംകാരണം റോഡ‌് നിർമാണ വികസനപ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നും ജോയ‌്സ‌് ജോർജ‌് ചൂണ്ടിക്കാട്ടിയിരുന്നു.


പ്രധാന വാർത്തകൾ
Top