21 September Friday

ഡിഎംകെയിൽ മക്കൾ കലഹം; അവകാശവാദവുമായി അഴഗിരി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

ചെന്നൈ > ചൊവ്വാഴ‌്ച ഡിഎംകെ എക‌്‌സിക്യൂട്ടീവ‌് യോഗം ചേരാനിരിക്കെ പാർടി നേതൃസ്ഥാനത്തിന‌് അവകാശവാദവുമായി കരുണാനിധിയുടെ മൂത്തമകൻ അഴഗിരി രംഗത്ത‌്. യഥാർഥ അണികളെല്ലാം തനിക്കു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നാണ‌് അഴഗിരി പറഞ്ഞത‌്. താൻ ഇപ്പോൾ പാർടിയിൽ ഇല്ലെന്നും എല്ലാറ്റിനും കാലം മറുപടി നൽകും. സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ തനിക്ക് ദുഃഖമുണ്ടെന്ന‌് മറീനബീച്ചിൽ കരുണാനിധിയുടെ ശവകുടീരം സന്ദർശിച്ചശേഷം അഴഗിരി പറഞ്ഞു.

എക‌്സിക്യൂട്ടീവ‌് യോഗത്തിൽ വർക്കിങ‌് പ്രസിഡന്റായ എം കെ സ‌്റ്റാലിനെ അധ്യക്ഷനാക്കാനുള്ള പ്രാഥമികതീരുമാനം ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ‌് സഹോദരനായ അഴഗിരി പരസ്യപ്രസ‌്താവനയുമായി രംഗത്തെത്തിയത‌്. പാർടിവിരുദ്ധപ്രവർത്തനം നടത്തിയതിന‌് മുൻ കേന്ദ്രമന്ത്രിയും ഡിഎംകെയുടെ സൗത്ത‌് സോൺ ഓർഗനൈസേഷണൽ സെക്രട്ടറിയുമായിരുന്ന അഴഗിരിയെ 2014 ജനുവരിയിലാണ‌് ഡിഎംകെയിൽനിന്ന‌് പുറത്താക്കിയത‌്. മധുര മേഖലയിൽ അഴഗിരിക്ക‌് സ്വാധീനമുണ്ട‌്. അഴഗിരി അവകാശവാദവുമായി രംഗത്തെത്തിയതോടെ ജയലളിതയുടെ മരണത്തിന‌ുശേഷം അണ്ണാ ഡിഎംകെയിൽ സംഭവിച്ചതുപോലൊരു പിളർപ്പ‌് ഡിഎംകെയിലും ഉണ്ടാകുമോ എന്നാണ‌് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത‌്.

ഡിഎംകെ എക‌്സിക്യൂട്ടീവ‌് യോഗം ചൊവ്വാഴ‌്ച പാർടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ ചേരും. 19ന‌് ജനറൽ കൗൺസിൽ യോഗവും ചേരും. ഡിഎംകെ ഭരണഘടനപ്രകാരം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള അധികാരം ജനറൽ കൗൺസിലിനാണ്. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന‌് കരുണാനിധി വിശ്രമജീവിതത്തിലേക്ക‌് മാറിയതിനെതുടർന്ന‌് 2017 ജനുവരിയിലാണ് സ്റ്റാലിൻ വർക്കിങ് പ്രസിഡന്റായത്. ട്രഷറർസ്ഥാനത്തിനുപുറമെയാണ‌് സ്റ്റാലിൻ വർക്കിങ് പ്രസിഡന്റുപദവിയും വഹിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top