ചെന്നൈ > തട്ടുപൊളിപ്പന്‍ തമിഴ് സിനിമയുടെ എല്ലാ ചേരുവയോടുംകൂടി അരങ്ങുതകര്‍ത്ത തമിഴ്നാട്ടിലെ രാഷ്ട്രീയ അധികാരപ്പോര് ക്ളൈമാക്സിലേക്ക്. എഐഎഡിഎംകെ ശശികലവിഭാഗം നേതാവ് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ സര്‍ക്കാര്‍ ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ട് തേടും. പകല്‍ പതിനൊന്നിനാണ് വിശ്വാസവോട്ടെടുപ്പെന്ന് സ്പീക്കര്‍ പി ധനപാല്‍ അറിയിച്ചു. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വേണമെന്ന ഒ പന്നീര്‍ശെല്‍വത്തിന്റെ ആവശ്യം സ്പീക്കര്‍ നിരാകരിച്ചു. അതിനിടെ, എഐഡിഎംകെ ജനറല്‍ സെക്രട്ടറിയായുള്ള ശശികലയുടെ നിയമനം മാനദണ്ഡം പാലിച്ചല്ലെന്ന പന്നീര്‍ശെല്‍വം വിഭാഗത്തിന്റെ പരാതിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് ശശികലയ്ക്ക് നോട്ടീസ് അയച്ചു. ഫെബ്രുവരി 28നകം മറുപടി നല്‍കാനാണ് നിര്‍ദേശം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പളനിസ്വാമിക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിഞ്ഞേക്കും. 124 എംഎല്‍എമാരുടെ പിന്തുണ പളനിസ്വാമിക്കുണ്ട്. ഭൂരിപക്ഷത്തിന് 117 പേരുടെ പിന്തുണ മതി. സ്പീക്കര്‍ ഉള്‍പ്പെടെ 135 എംഎല്‍എമാര്‍ എഐഎഡിഎംകെയ്ക്കുണ്ട്. എംഎല്‍എമാര്‍ക്കെല്ലാം വിപ്പ് നല്കിയാല് ഇവര്‍ക്ക് സഭയില്‍ എതിര്‍വോട്ട് ചെയ്യാനാകില്ല. ചെയ്താല്‍ എംഎല്‍എസ്ഥാനം അസാധുവാകും. മൈലാപ്പുര് എംഎല്‍എ നടരാജന് കൂടി കൂറുമാറിയതോടെ ഒ പന്നീര്‍ശെല്‍വത്തെ പിന്തുണയ്ക്കുന്ന സാമാജികരുടെ എണ്ണം 11 ആയി.
എണ്‍പത്തൊമ്പത് എംഎല്‍എമാരുള്ള ഡിഎംകെ, പളനിസ്വാമിക്കെതിരെ വോട്ട് ചെയ്യും. കോണ്‍ഗ്രസ് ഡിഎംകെ നിലപാടിനൊപ്പമാണ്. ഇന്ത്യന്‍ യൂണിയന് മുസ്ളിംലീഗിന്റെ ഏകഅംഗവും വിശ്വാസവോട്ടിനെ എതിര്‍ക്കും. റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരുടെ യോഗത്തില്‍ പളനിസ്വാമി പങ്കെടുത്തു. ശനിയാഴ്ച എംഎല്‍എമാരെ ഒന്നിച്ച് സഭയില്‍ എത്തിക്കാനാണ് ആലോചന.