11 December Tuesday
തെരച്ചില്‍ നോട്ടീസിലെ തിരുത്ത്

മല്യ: സിബിഐക്ക് പറ്റിയത് അബദ്ധമല്ല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 19, 2018

ന്യൂഡൽഹി
പൊതുമേഖലാബാങ്കുകളിൽനിന്ന‌് 9000 കോടി തട്ടിയ മദ്യരാജാവ് വിജയ് മല്യയെ രാജ്യം വിടാൻ സിബിഐ സഹായിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. മല്യയെ അറസ്റ്റ‌് ചെയ്യണമെന്ന് നിർദേശിച്ച് 2015 ഒക്ടോബറിൽ പുറപ്പെടുവിച്ച തെരച്ചിൽ നോട്ടീസ് തൊട്ടടുത്തമാസംതന്നെ അറസ്റ്റ് വേണ്ടെന്ന മട്ടിൽ മയപ്പെടുത്തിയത് നോട്ടീസ് തയ്യാറാക്കിയ ഉദ്യോഗസ്ഥന്റെ പിഴവെന്നാണ‌് സിബിഐ വിശദീകരിച്ചിരുന്നത്. എന്നാൽ, മല്യയെ അറസ്റ്റ‌് ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹത്തിന്റെ യാത്രകളെക്കുറിച്ച് രഹസ്യമായി അറിയിച്ചാൽ മതിയെന്നും സിബിഐ മുംബൈ എസ്പി ആയിരുന്ന ഹർഷിത അട്ടല്ലൂരി മുംബൈ എസ്പിആയിരുന്ന അശ്വതി ദോർജെയ്ക്ക് കൈമാറിയ കത്തിൽ പറയുന്നു.

ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ തെരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചത്. 2016 മാർച്ച് രണ്ടിന് മല്യ ബ്രിട്ടനിലേക്ക് കടന്നത് കേന്ദ്രസർക്കാരിലെ പ്രമുഖരുടെ സഹായത്തോടെയാണെന്ന് സ്ഥിരീകരിക്കുന്നതാണ് പുതിയ തെളിവ്. ഹർഷിത അട്ടല്ലൂരിയോ അവരുടെ മേലുദ്യോഗസ്ഥനായ സിബിഐ ജോയിന്റ് ഡയറക്ടർ എ കെ ശർമയോ വിഷയത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ലെന്ന് വാർത്ത പുറത്തുവിട്ട ദേശീയദിനപത്രം റിപ്പോർട്ട് ചെയ്തു.

മല്യയുടെ പാസ്പോർട്ട് ഉടൻ കണ്ടുകെട്ടാൻ നിയമനടപടി സ്വീകരിക്കണമെന്ന് മുതിർന്ന അഭിഭാഷകർ 2016 ഫെബ്രുവരിയിൽ പൊതുമേഖലാ ബാങ്കുകളെ ഉപദേശിച്ചിരുന്നു. എന്നാൽ, 2016 മാർച്ച് ഒമ്പതിനാണ് ബാങ്കുകൾ ഈ ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ചത്. രാജ്യംവിടുന്നതിനുമുമ്പ് ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചിരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തൽ  വൻ വിവാദമായിരുന്നു.


പ്രധാന വാർത്തകൾ
Top