20 September Thursday

സ്വകാര്യമേഖലയിൽനിന്ന‌് ജോയിന്റ‌് സെക്രട്ടറിമാർ: നീക്കം ദുരൂഹം

സ്വന്തം ലേഖകൻUpdated: Tuesday Jun 12, 2018

ന്യൂഡൽഹി > യുപിഎസ്സിയെ നോക്കുകുത്തിയാക്കി കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലും സ്വകാര്യമേഖലയിൽനിന്ന‌് ജോയിന്റ് സെക്രട്ടറിമാരെ നിയമിക്കാനുള്ള സർക്കാർ നീക്കം ഭരണഘടനാതത്വങ്ങളെ അട്ടിമറിക്കുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു.

നയരൂപീകരണത്തിലും പദ്ധതി നടപ്പാക്കലിലും നിർണായക പങ്ക് വഹിക്കേണ്ട ജോയിന്റ് സെക്രട്ടറിമാരുടെ തസ്തികയിലേക്ക് ഭരണസർവീസിന് പുറത്തുനിന്ന് നിയമനം നടത്താനുള്ള നീക്കം ദുരൂഹമാണെന്നാണ‌് നിയമവിദഗ്ധരുടെയും പ്രതികരണം. ഐഎഎസിൽ ആർഎസ്എസ്, ബിജെപി അനുയായികളെ തിരുകിക്കയറ്റാനാണ് നീക്കമെന്ന് പ്രതിപക്ഷവും ചൂണ്ടിക്കാട്ടി.  ഭരണസർവീസിനെ ഇല്ലാതാക്കാനാണ് നീക്കമെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ്  പ്രൊബേഷനറി ഉദ്യോഗസ്ഥർക്ക് സർവീസും കേഡറും അനുവദിക്കുന്നത് മൂന്നുമാസത്തെ ഫൗണ്ടേഷൻ കോഴ്സിലെ പ്രകടനംകൂടി വിലയിരുത്തിയശേഷം മതിയെന്ന നിർദേശം ഇതിന്റെ ആദ്യപടിയാണെന്ന വിമർശമാണുയർന്നിരുന്നത്.

റാങ്ക് അടിസ്ഥാനത്തിലുള്ള സംവിധാനം ഉപേക്ഷിച്ച് പകരം പുതിയ സംവിധാനമേർപ്പെടുത്താനുള്ള നീക്കം ദളിതർക്കും പിന്നോക്കവിഭാഗങ്ങൾക്കും അർഹതപ്പെട്ട സംവരണം ഇല്ലാതാക്കുമെന്നും ആശങ്ക ഉയർന്നിരുന്നു. വർഷങ്ങളായി നിലനിൽക്കുന്ന യുപിഎസ്സിപോലെയുള്ള സംവിധാനത്തെ മാറ്റാനുള്ള നീക്കം ദുരൂഹമാണെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടു. സംവരണതത്വങ്ങളെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് സംശയിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് നടത്താതെ പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിസഭയെയും നിയമിക്കാൻ മോഡി സർക്കാർ മടിക്കില്ലെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് വിമർശിച്ചു.

പ്രധാന വാർത്തകൾ
Top